യോഗ്യത നേടാനായില്ല, ടാപ്പിയയുടെ തന്ത്രത്തിൽ അർജന്റീന അണ്ടർ 20 ലോകകപ്പ് കളിക്കും | Argentina

മെയ് മാസത്തിൽ ആരംഭിക്കാനിരിക്കുന്ന അണ്ടർ 20 ലോകകപ്പ് കളിക്കാൻ അർജന്റീന ദേശീയ ടീമുമുണ്ടാകും. ലോകകപ്പിന് യോഗ്യത നേടാൻ അർജന്റീന ടീമിന് കഴിഞ്ഞിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം ടൂർണമെന്റിന്റെ ആതിഥേയത്വം അർജന്റീന വഹിക്കുമെന്ന് ഫിഫ തീരുമാനിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന ആതിഥേയർ ഒഴിവാക്കപ്പെട്ടപ്പോൾ ഹോസ്റ്റിങ്ങിനായി തന്ത്രപരമായി നീങ്ങിയ ടാപ്പിയയുടെ ബുദ്ധിയാണ് ഇതിനുള്ള അവസരമൊരുക്കിയത്.

നേരത്തെ ഇന്തോനേഷ്യയാണ് അണ്ടർ 20 ലോകകപ്പ് ടൂർണമെന്റിന്റെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ഉയർന്ന എതിർപ്പുകളെ തുടർന്ന് ടൂർണമെന്റ് അവിടെ നിന്നും മാറ്റാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം ആഴ്‌ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് അർജന്റീനയെ അണ്ടർ 20 ലോകകപ്പിന്റെ വേദിയായി തീരുമാനിച്ചത്.

ആറു തവണ അണ്ടർ 20 ലോകകപ്പ് നേടിയതിന്റെ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള അർജന്റീന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നിന്നും നേരത്തെ തന്നെ പുറത്തായതിനെ തുടർന്നാണ് ലോകകപ്പിനു യോഗ്യത നേടാൻ പരാജയപ്പെട്ടത്. സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടാറുള്ളത്. അർജന്റീന പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തു പോയിരുന്നു.

ഖത്തർ ലോകകപ്പിൽ ജേതാക്കളായ രാജ്യം രണ്ടു കയ്യും നീട്ടിയാണ് അണ്ടർ 20 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്നും ഇത്രയും ചെറിയൊരു സമയത്തിന്റെ ഉള്ളിൽ ടൂർണ്ണമെന്റിനുള്ള ഒരുക്കങ്ങൾ നടത്താൻ തയ്യാറായതിൽ പ്രാദേശിക അധികാരികളോട് നന്ദിയുണ്ടെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. മെയ് ഇരുപതു മുതൽ ജൂൺ പതിനൊന്നു വരെയാണ് ലോകകപ്പ് നടക്കുന്നത്.

അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജന്റീന ടീമിലെ നിരവധി പ്രധാന താരങ്ങൾ കളിക്കാനിറങ്ങിയിരുന്നില്ല. യൂറോപ്പിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന പ്രധാന താരങ്ങൾ ഇല്ലാതിരുന്നത് അർജന്റീനയുടെ പ്രകടനത്തെ ബാധിച്ചു. എന്നാൽ ടൂർണമെന്റ് മെയിൽ നടക്കുമ്പോൾ ഈ താരങ്ങളെയും ഉൾപ്പെടുത്തി ഏഴാം കിരീടം സ്വന്തം രാജ്യത്തു വെച്ച് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും.

Content Highlights: Argentina Will Host U20 World Cup