പുതിയ മാറ്റത്തിന്റെ തുടക്കമോ, ഇഷ്‌ഫാഖ്‌ അഹമ്മദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു | Kerala Blasters

ഏതാനും വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സഹപരിശീലകനായിരുന്ന ഇഷ്‌ഫാഖ്‌ അഹമ്മദ് ക്ലബ് വിട്ടു. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിരവധി പരിശീലകർ മാറിമാറി വന്നപ്പോഴും ടീമിന്റെ സഹപരിശീലകനായി നിന്നതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവസാനിച്ചതിന് പിന്നാലെ ഇഷ്‌ഫാഖ്‌ അഹമ്മദ് ക്ലബ് വിടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം കൂടിയാണ് ഇഷ്‌ഫാഖ്‌ അഹമ്മദ്. 2014 മുതൽ 2017 വരെ ടീമിനായി കളിച്ച താരം ഇരുപത്തിയഞ്ചു മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. സെൻട്രൽ മിഡ്‌ഫീൽഡറായ താരം ഇന്ത്യൻ അണ്ടർ 23 ടീമിന് വേണ്ടിയും കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം പൂനെ എഫ്‌സി, മുംബൈ എഫ്‌സി, മുഹമ്മദൻസ് എന്നീ ടീമുകൾക്കായി കളിച്ചതിന് ശേഷമാണ് അദ്ദേഹം പരിശീലകനായി എത്തുന്നത്.

സ്റ്റീവ് കൊപ്പൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരിക്കെ ടീമിന്റെ സഹപരിശീലക സ്ഥാനത്തു തുടങ്ങിയ അദ്ദേഹം പിന്നീട് കോപ്പലിനൊപ്പം മറ്റൊരു ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയിലേക്കും ചേക്കേറി. അതിനു ശേഷം 2019 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് പരിശീലകനായി തുടരുന്ന ഇഷ്‌ഫാഖ്‌ ഇടക്ക് താൽക്കാലിക പരിശീലകനായും ടീമിനെ നയിച്ചിരുന്നു. ഇവാന് വിലക്ക് വന്നപ്പോൾ സൂപ്പർകപ്പിൽ ഇഷ്‌ഫാഖ്‌ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇഷ്‌ഫാഖ്‌ പോകുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിനെ നന്നായി അറിയുന്ന ഒരു പരിശീലകന്റെ സാന്നിധ്യമാണ് ടീമിന് നഷ്‌ടമാകുന്നത്. ബ്ലാസ്റ്റേഴ്‌സ് വിടുന്ന ഇഷ്‌ഫാഖ്‌ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഇഷ്‌ഫാഖിന് പകരക്കാരനായി പുതിയ ഇന്ത്യൻ സഹപരിശീലകനെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരാണ് ടീമിലേക്ക് പുതിയതായി എത്തുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും ഇത്തവണ മികവ് കാണിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. എങ്കിലും ടീമിനെ മെച്ചപ്പെടുത്തിയാൽ പൊരുതാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അടുത്ത സീസണിലേക്കായി ടീമിനെ അഴിച്ചു പണിയുന്നതിന്റെ ഭാഗമാണോ ഇഷ്‌ഫാഖിന്റെ പുറത്തു പോക്കെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ടീമിലേക്ക് മികച്ച സഹപരിശീലകൻ എത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Content Highlights: Kerala Blasters Parted Ways With Ishfaq Ahmed