ആസ്റ്റൺ വില്ലക്കു വേണ്ടി 3 വർഷമായി ഉജ്ജ്വല ഫോമിൽ, ടോപ് ഫോർ ക്ലബുകളിൽ എമിലിയാനോ എത്തിയാൽ | Emiliano Martinez

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന ടീമിലേക്ക് വന്ന താരങ്ങളിൽ ഏറ്റവും പ്രധാനിയാണ് എമിലിയാനോ മാർട്ടിനസ്. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അപാരമായ മേധാവിത്വമുള്ള താരം ഈ രണ്ടു വർഷത്തിനിടെ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇതിൽ കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും താരം തന്നെയാണ്.

അർജന്റീനക്കൊപ്പമുള്ള പ്രകടനം മാറ്റിനിർത്തിയാൽ ആഴ്‌സണലിനൊപ്പം ഏതാനും കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട് എന്നതൊഴിച്ചാൽ ക്ലബ് തലത്തിൽ വലിയ നേട്ടങ്ങളൊന്നും എമിലിയാനോ മാർട്ടിനസിനു സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അവസരങ്ങൾ കൂടുതൽ ലഭിക്കുന്നതിന് വേണ്ടി ആഴ്‌സണലിൽ നിന്നും ആസ്റ്റൺ വിലയിലേക്ക് ചേക്കേറിയതാണ് ക്ലബ് തലത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ താരത്തിന് കഴിയാതെ വന്നത്.

എന്നാൽ ആസ്റ്റൺ വില്ലയിൽ എത്തിയതിനു ശേഷമുള്ള കഴിഞ്ഞ മൂന്നു സീസണിലും ഉജ്ജ്വല പ്രകടനമാണ് എമിലിയാനോ മാർട്ടിനസ് നടത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വില്ലയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ സീസണിൽ 38 മത്സരങ്ങളിൽ നിന്നും 15 ക്ലീൻ ഷീറ്റുകൾ നേടിയ എമിലിയാനോ കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ 11 ക്ലീൻഷീറ്റുകൾ നേടി. ഈ സീസണിലിതു വരെ 29 മത്സരങ്ങൾ കളിച്ച താരം 10 മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടില്ല.

ആസ്റ്റൺ വില്ല പോലെ പ്രീമിയർ ലീഗിലെ ടോപ് സിക്‌സിൽ പോലും ഉൾപ്പെടാത്ത ഒരു ക്ലബിന് വേണ്ടിയാണ് എമിലിയാനോ മാർട്ടിനസ് ഇത്രയും മികച്ച പ്രകടനം നടത്തുന്നതെന്നത് താരത്തിന്റെ മികവ് തെളിയിക്കുന്ന ഒന്നാണ്. ഈ സീസണിൽ ഉനെ എമറി പരിശീലകനായി എത്തിയതിനു ശേഷം തന്റെ മികവ് ഒന്നുകൂടി തേച്ചു മിനുക്കിയ എമിലിയാനോ കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും ഗോൾ വഴങ്ങിയിട്ടില്ല.

ആസ്റ്റൺ വില്ല പോലെയൊരു ടീമിൽ താരം നടത്തുന്ന പ്രകടനത്തിൽ നിന്നും ഒരു കാര്യം ഉറപ്പിക്കാം. ക്ലബ് തലത്തിൽ ഒരു ടോപ് ഫോർ ടീമിലേക്ക് എമിലിയാനോ മാർട്ടിനസ് എത്തിപ്പെട്ടാൽ അവിടെയും കിരീടങ്ങൾ സ്വന്തമാക്കാൻ താരത്തിന് കഴിയുക തന്നെ ചെയ്യും. വരുന്ന സമ്മറിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബ്ബിലേക്ക് ചേക്കേറണമെന്നാണ് എമിലിയാനോയുടെ ആഗ്രഹം. അത് നടന്നാൽ താരം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയാലും അത്ഭുതപ്പെടാൻ കഴിയില്ല.

Content Highlights: Emiliano Martinez Kept More Than 10 Cleansheets In Last 3 Season