മെസി ചാന്റുമായി അൽ ഹിലാൽ ആരാധകർ, അശ്ലീല ആംഗ്യം കാണിച്ച് റൊണാൾഡോ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ പരിശീലകനെ മാറ്റിയിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നാസറിന് രക്ഷയില്ല. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ തോൽവി ഏറ്റു വാങ്ങിയതോടെ ഈ സീസണിൽ സൗദി ലീഗ് കിരീടം സ്വന്തമാക്കാമെന്ന അൽ നസ്‌റിന്റെ പ്രതീക്ഷകൾ ഒന്നുകൂടി മങ്ങിയിട്ടുണ്ട്. അൽ നസ്‌റിന്റെ തോൽവിയോടെ പോയിന്റ് ടേബിളിൽ അകലം വർധിപ്പിക്കാൻ അൽ ഇത്തിഹാദിനും അവസരമുണ്ട്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഓഡിയോൺ ഇഗാളോ നേടിയ ഇരട്ട ഗോളുകളാണ് അൽ ഹിലാലിനു വിജയം നൽകിയത്. ആദ്യപകുതിയുടെ നാല്പത്തിരണ്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം അതിനു ശേഷം രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനുട്ടിലും ഗോൾ സ്വന്തമാക്കി. അതും പെനാൽറ്റിയിലൂടെ തന്നെയായിരുന്നു. ഇതോടെ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനത്തും ഇഗാളോ മുന്നിലെത്തി.

അതേസമയം മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിതനാക്കാൻ വേണ്ടി അൽ ഹിലാൽ ആരാധകർ ലയണൽ മെസി ചാന്ത് സ്റ്റേഡിയത്തിൽ മുഴക്കിയിരുന്നു. മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം റൊണാൾഡോ ഇതിനോട് മോശമായ രീതിയിലാണ് പ്രതികരിച്ചത്.

മത്സരം കഴിഞ്ഞ് റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകുന്ന സമയത്ത് അൽ ഹിലാൽ ആരാധകർ വീണ്ടും മെസി ചാന്റുകൾ നടത്തിയിരുന്നു. തോൽവിയുടെയും കിരീടത്തിനുള്ള സാധ്യത മങ്ങിയതിന്റെയും രോഷത്തിൽ വരികയായിരുന്ന റൊണാൾഡോ അത് കേട്ടതോടെ പ്രകോപിതനായ റൊണാൾഡോ തന്റെ അരക്കെട്ടിന്റെ ഭാഗത്തു കൈവെച്ച് ആരാധകർക്കെതിരെ ഒരു അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ ടീമിലെത്തിച്ചത് കിരീടങ്ങൾ സ്വന്തമാക്കാനും ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകാനുമാണ്. താരത്തിന്റെ വരവ് ടീമിനെ ഒന്ന് ഉണർത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം അതിൽ നിന്നും ലഭിച്ചില്ല. സൗദി ലീഗിലും താരം പതറുന്നത് ആരാധകരിൽ വളരെയധികം നിരാശ സൃഷ്ടിക്കുന്ന കാര്യമാണ്.

Content Highlights: Cristiano Ronaldo Gesture To Al Hilal Fans