ഗോൾ നേടാനാവാത്തതിൽ അരിശം, എതിർതാരത്തിനെ ഹെഡ്‌ലോക്ക് ചെയ്‌ത്‌ റൊണാൾഡോ | Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിലെ നിരാശപ്പെടുത്തുന്ന സീസണിൽ നിന്നും രക്ഷപ്പെടാൻ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് അവിടെയും രക്ഷയില്ലെന്നാണ് ഇന്നലെ നടന്ന മത്സരം തെളിയിക്കുന്നത്. അൽ ഹിലാലുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി അൽ നസ്ർ വഴങ്ങിയതോടെ ലീഗ് കിരീടപ്രതീക്ഷയും അവർക്ക് നഷ്ടമായിട്ടുണ്ട്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഓഡിയോൺ ഇഗോളോയാണ് അൽ നസ്‌റിന്റെ പ്രതീക്ഷകൾ തകർത്തു മത്സരത്തിൽ അൽ ഹിലാലിനു വിജയം നേടിക്കൊടുത്തത്. രണ്ടു പകുതികളിലുമായി പെനാൽറ്റിയിലൂടെയാണ് ഇഗോളോ അൽ ഹിലാലിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കിയത്. ഇതോടെ പതിനെട്ടു ഗോളുകളുമായി ഈ സീസണിലെ ടോപ് സ്‌കോറർ പട്ടികയിൽ ഇഗോളോ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്‌തു.

മത്സരത്തിനിടെ റൊണാൾഡോ സഹതാരത്തോട് ചെയ്‌ത പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അൽ ഹിലാൽ താരമായ ഗുസ്‌താവോ കുവേല്ലാറിനെ രണ്ടാം പകുതിയിൽ താരം ഹെഡ്‌ലോക്ക് ചെയ്‌താണ്‌ വലിച്ചിട്ടത്. ഇതോടെ മത്സരം നിയന്ത്രിച്ച റഫറി മഞ്ഞക്കാർഡ് നൽകുകയായിരുന്നു. അതേസമയം റൊണാൾഡോ ചുവപ്പുകാർഡ് അർഹിക്കുന്ന ഫൗളാണ് ചെയ്‌തതെന്നാണ്‌ ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

മത്സരത്തിൽ റൊണാൾഡോ വളരെയധികം രോഷാകുലനായിരുന്നു എന്നത് താരത്തിന്റെ പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു. മത്സരത്തിൽ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സൗദി ലീഗിലെത്തിയതിനു ശേഷം ടീമിനായി പലപ്പോഴും മികച്ച പ്രകടനം നടത്തിയെങ്കിലും നിർണായക ഘട്ടം എത്തിയപ്പോൾ താരത്തിന് ടീമിനെ മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്നില്ല.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും അമ്പത്തിമൂന്നു പോയിന്റുമായി അൽ നസ്ർ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച് മൂന്നു പോയിന്റ് മുന്നിൽ നിൽക്കുന്ന അൽ ഇതിഹാദാണ്‌ റൊണാൾഡോയുടെ ടീമിന് കിരീടപ്പോരാട്ടത്തിൽ ഭീഷണി. അൽ ഇത്തിഹാദിന്റെ തോൽവി മാത്രമാണ് ഇനി കിരീടം നേടാൻ അൽ നസ്റിനുള്ള സാധ്യത.

Content Highlights: Cristiano Ronaldo Headlock Al Hilal Player