ദുരന്തമായി ബ്രസീൽ, കാനറിപ്പടയെ നിലം തൊടാതെ പറപ്പിച്ച് സെനഗൽ | Brazil

ആഫ്രിക്കൻ കരുത്തിനു മുന്നിൽ ഒരിക്കൽക്കൂടി അടിപതറി ബ്രസീൽ. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ സെനഗലിനോട് ബ്രസീൽ തോൽവി വഴങ്ങി. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ബ്രസീൽ മുന്നിലെത്തിയെങ്കിലും അതിനു ശേഷം തിരിച്ചു വന്ന സെനഗൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീലിനെ സംബന്ധിച്ച് നിരാശയാണ് ഈ തോൽവി.

വിനീഷ്യസ് ജൂനിയറിന്റെ ക്രോസിൽ നിന്നും ഹെഡറിലൂടെ പതിനൊന്നാം മിനുട്ടിൽ തന്നെ ലൂക്കാസ് പക്വറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. അതിനു പിന്നാലെ ബ്രസീലിനു അനുകൂലമായി ഒരു പെനാൽറ്റി വിധിച്ചെങ്കിലും വീഡിയോ റഫറി അത് പരിശോധിച്ച് വേണ്ടെന്നു വെക്കുകയും ചെയ്‌തു. അതിനു പിന്നാലെ ഇരുപത്തിരണ്ടാം മിനുട്ടിൽ ഹബീബ് ദിയല്ലോ ഒരു വോളിയിലൂടെ സെനഗലിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിലാണ് ബാക്കിയുള്ള നാല് ഗോളുകളും പിറന്നത്. മൂന്നു മിനുട്ടിന്റെ ഇടവേളയിൽ രണ്ടു ഗോളുകൾ വഴങ്ങിയത് ബ്രസീലിനു തിരിച്ചു വരാനുള്ള സാധ്യതകൾ ഇല്ലാതാക്കി. മാർക്വിന്യോസിന്റെ സെൽഫ് ഗോളും സാഡിയോ മാനേയുടെ ഗോളുമാണ് സെനഗലിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം മാർക്വിന്യോസ് ബ്രസീലിനായി ഒരു ഗോൾ നേടിയെങ്കിലും ഇഞ്ചുറി ടൈമിൽ മാനെ പെനാൽറ്റിയിലൂടെ ഗോൾ നേടി സെനഗലിന്റെ വിജയമുറപ്പിച്ചു.

ആഫ്രിക്കൻ ടീമുകളുമായി ബ്രസീൽ നിരന്തരം തോൽവി വാങ്ങുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് തോൽവി വഴങ്ങിയ ബ്രസീൽ ലോകകപ്പിന് ശേഷം നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയോടും തോൽവി വഴങ്ങി. മാലിക്കെതിരെ നടന്ന ഫ്രണ്ട്ലി മാച്ചിൽ മികച്ച വിജയം നേടിയെങ്കിലും സെനഗലിനോട് തോൽവി വഴങ്ങിയത് ടീമിന് വലിയ നിരാശയാണ്.

Brazil Lost Friendly Against Senegal