ഇതാണ് റൊണാൾഡോയുടെ പാഷൻ, ആദ്യമായി നേടിയതു പോലെ വിജയഗോൾ ആഘോഷിച്ച് പോർച്ചുഗൽ താരം | Cristiano Ronaldo

ഒരിക്കൽക്കൂടി പോർച്ചുഗലിന്റെ രക്ഷകനായി റൊണാൾഡോ അവതരിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരം. ഐസ്‌ലാൻഡിനെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ വിജയഗോൾ നേടുകയായിരുന്നു.

മത്സരത്തിന്റെ എൺപത്തിയൊമ്പതാം മിനുട്ടിൽ ഗോൻകാലോ ഇനാഷിയോ നൽകിയ അസിസ്റ്റിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയത്. അതിനു മുൻപ് നൽകിയ ക്രോസിൽ ഓഫ്‌സൈഡ് ഉണ്ടോയെന്ന് സംശയം ഉള്ളതിനാൽ വീഡിയോ റഫറി പരിശോധന നടത്തിയാണ് റൊണാൾഡോയുടെ ഗോൾ അനുവദിച്ചത്. മത്സരത്തിൽ പോർച്ചുഗൽ അർഹിച്ച ഗോൾ തന്നെയായിരുന്നു അത്.

ഗോൾ റൊണാൾഡോ ആഘോഷിച്ച രീതി അതിമനോഹരമായിരുന്നു. ഓഫ്‌സൈഡ് ഉണ്ടോയെന്ന് റഫറി പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടെത്തന്നെ റൊണാൾഡോ ഉണ്ടായിരുന്നു. ഗോൾ റഫറി അനുവദിച്ചതോടെ ഒരു കൊച്ചുകുട്ടിയുടെ സന്തോഷമാണ് റൊണാൾഡോ കാണിച്ചത്. പോർചുഗലിനായി ആദ്യത്തെ ഗോൾ നേടുന്നത് പോലത്തെ സന്തോഷമാണ് റൊണാൾഡോ പ്രകടിപ്പിച്ചത്.

റൊണാൾഡോയുടെ കരിയറിലെ ഇരുനൂറാമത്തെ മത്സരമായിരുന്നു ഐസ്‌ലൻഡിനെതിരെ നടന്നത്. മറ്റൊരു താരവും ദേശീയ ടീമിനായി ഇരുനൂറു മത്സരങ്ങൾ കളിച്ചിട്ടില്ല. ദേശീയ ടീമിനായി ഏറ്റവുമധികം ഗോൾ നേടിയ താരവും റൊണാൾഡോയാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും റൊണാൾഡോ ദേശീയ ടീമിനായി അഞ്ചു ഗോളുകൾ നേടിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

Cristiano Ronaldo Scored Last Minute Goal vs Iceland