മെസിക്കൊപ്പം ഒരുമിക്കുകയെന്ന സ്വപ്‌നം നടക്കില്ല, സുവാരസ് വിരമിക്കാൻ തയ്യാറെടുക്കുന്നു | Luis Suarez

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലൂയിസ് സുവാരസ് തന്റെ കരിയർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലയണൽ മെസിക്കൊപ്പം താരം ഇന്റർ മിയാമി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു. അതിനു പിന്നാലെയാണ് ആരാധകർക്ക് നിരാശ നൽകുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നത്.

മുപ്പത്തിയാറുകാരനായ ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കരിയറിന്റെ അവസാനം മെസിയുമായി ഒരുമിക്കാൻ പദ്ധതിയുണ്ടെന്ന് താരം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് സങ്കീർണമായി മാറുന്നത് കൊണ്ടാണ് സുവാരസ് വിരമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

റിപ്പോർട്ടുകൾ പ്രകാരം വേദന സഹിച്ചാണ് താരം ബ്രസീലിയൻ ക്ലബിനായി മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്രസീലിയൻ ക്ലബുമായുള്ള കരാർ താരം മുഴുവനാക്കാനുള്ള സാധ്യത കുറവാണ്. ക്ലബ്, കുടുംബം എന്നിവരുമായെല്ലാം ആലോചിച്ച് അവസാന തീരുമാനം എടുക്കാനൊരുങ്ങുന്ന താരം വിശ്രമജീവിതത്തിലേക്ക് കടക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു മെസി-സുവാരസ് സഖ്യം. കളിക്കളത്തിലും പുറത്തും അവർ വലിയ ചങ്ങാതിമാരാണ്. സുവാരസ് വിരമിക്കാൻ തയ്യാറെടുക്കുന്നതോടെ ആ സഖ്യത്തെ വീണ്ടും ഒരുമിച്ച് കാണാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിലെ സുവാരസ് ഉണ്ടാകില്ല.

Luis Suarez Planning To Retire From Football