സ്‌കലോണി യുഗത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീന താരങ്ങൾ ആരെല്ലാം | Argentina

അർജന്റീന ടീമിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ട പരിശീലകനാണ് ലയണൽ സ്‌കലോണി. ആരാധകരിൽ നിന്നും മുൻതാരങ്ങളിൽ നിന്നും വലിയ പിന്തുണയൊന്നും ഇല്ലാതെ താൽക്കാലിക പരിശീലകനായാണ് അദ്ദേഹം എത്തിയതെങ്കിലും പിന്നീട് ടീമിനെ പടിപടിയായി പടുത്തുയർത്തിയ സ്‌കലോണി കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളാണ് അർജന്റീന ടീമിന് സ്വന്തമാക്കി നൽകിയത്.

ലയണൽ മെസി തന്നെയാണ് സ്‌കലോണിയുടെ പദ്ധതികളുടെ കുന്തമുന. അദ്ദേഹം തന്നെ അത് പലപ്പോഴും വ്യക്തമാക്കുകയും ചെയ്‌തിട്ടുള്ള കാര്യമാണ്. മെസിയെ കേന്ദ്രീകരിച്ചു കളിക്കുന്നതിനാൽ തന്നെ സ്‌കലോണി പരിശീലകനായ അർജന്റീന ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ലിയോ വളരെയധികം മുന്നിൽ നിൽക്കുന്നു. 38 ഗോളുകളാണ് സ്‌കലോണി യുഗത്തിൽ മെസി നേടിയത്.

സ്‌കലോണി കാലഘട്ടത്തിൽ കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ലൗടാരോ മാർട്ടിനസാണ്‌. ഖത്തർ ലോകകപ്പ് വരെ 21 ഗോളുകൾ നേടിയ താരത്തിന് ടൂർണ്ണമെന്റിലും അതിനു ശേഷവും അർജന്റീന ദേശീയ ടീമിനായി വലകുലുക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടിയതാണ് ലൗടാരോക്ക് തിരിച്ചടി നൽകിയത്. അതിൽ നിന്നും മുക്തനായ താരം ഫോം വീണ്ടെടുക്കുമെന്നതിൽ സംശയമില്ല.

ഒൻപതു ഗോളുകൾ നേടിയ ഏഞ്ചൽ ഡി മരിയ, ഏഴു ഗോളുകൾ നേടിയ അൽവാരസ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ നാല് വീതം ഗോളുകൾ നേടിയ പരഡെസ്, നിക്കോ ഗോൺസാലസ് എന്നിവർ അഞ്ചാമത് നിൽക്കുന്നു. എൻസോ ഫെർണാണ്ടസ് എത്തിയതോടെ അവസരങ്ങൾ കുറഞ്ഞെങ്കിലും ഈ മുന്നേറ്റനിര താരങ്ങൾക്കൊപ്പം ഇടം പിടിക്കാൻ കഴിഞ്ഞത് പരഡെസിനു അഭിമാനമാണ്.

Top Scorers Of Argentina In Scaloni Era