റൊണാൾഡോയുടെ വാക്കുകൾ യാഥാർഥ്യമാകും, സൗദിയിലേക്ക് വമ്പൻ താരങ്ങൾ ഒഴുകുന്നു | Saudi Arabia

ഖത്തർ ലോകകപ്പിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുകയാണുണ്ടായത്. യൂറോപ്പിൽ തന്നെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മികച്ച ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിക്കാത്തതിനാൽ താരം ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായാണ് സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയത്.

സൗദി അറേബ്യൻ ലീഗിൽ സീസണിന്റെ രണ്ടാമത്തെ പകുതി കളിച്ച റൊണാൾഡോ മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടങ്ങളൊന്നും സ്വന്തമാക്കിയില്ല. അതുകൊണ്ട് തന്നെ താരം യൂറോപ്പിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൗദിയിൽ തന്നെ തുടരാനാണ് റൊണാൾഡോ തീരുമാനിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറാൻ സൗദി പ്രൊ ലീഗിന് കഴിയുമെന്നാണ് റൊണാൾഡോ പറഞ്ഞത്.

റൊണാൾഡോയുടെ വാക്കുകൾ യാഥാർഥ്യമാകുന്നു കാഴ്‌ചയാണ്‌ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കാണുന്നത്. യൂറോപ്പിൽ നിന്നും വമ്പൻ താരങ്ങളെ എത്തിക്കാനുള്ള ശ്രമം സൗദി ക്ലബുകൾ സജീവമാക്കിയിട്ടുണ്ട്. റൊണാൾഡോക്ക് പിന്നാലെ കരിം ബെൻസിമയും സൗദി അറേബ്യയിൽ എത്തിയതിനു പിന്നാലെയാണ് മറ്റു താരങ്ങളെ വമ്പൻ തുക പ്രതിഫലം നൽകി സൗദി ക്ലബുകൾ റാഞ്ചുന്നത്.

റിപ്പോർട്ടുകൾ പ്രകാരം എൻഗോളോ കാന്റെ, റൊമേലു ലുക്കാക്കു, റൂബൻ നെവാസ്, വില്യം കാർവാലോ, കലിഡു കൂളിബാളി, ഹക്കിം സിയച്ച്, എൽ ഷറാവെയ്, വിൽഫ്രഡ് സാഹ, ലൂക്ക മോഡ്രിച്ച്, സൗൾ നിഗ്വസ്, അൽവാരോ മൊറാട്ട, സെർജിയോ റാമോസ്, പപ്പു ഗോമസ്, മൗറോ ഇകാർഡി, അലക്‌സിസ് സാഞ്ചസ്, സാഡിയോ മാനെ തുടങ്ങി നിരവധി താരങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ സൗദി ക്ലബുകൾ ശ്രമം നടത്തുന്നത്.

ഈ താരങ്ങളിൽ പലരും സൗദി അറേബ്യയുടെ ഓഫറുകൾ പരിഗണിക്കുന്നുമുണ്ട്. അതിനാൽ തന്നെ വരുന്ന സീസണിൽ വമ്പൻ താരങ്ങൾ സൗദി അറേബ്യയിൽ എത്തുമെന്ന കാര്യത്തിൽ സംശയമില്ല. അത് റൊണാൾഡോ പറഞ്ഞതു പോലെ തന്നെ സൗദി ലീഗിനെ മികച്ച ലീഗാക്കി മാറ്റാനുള്ള തുടക്കമിടുകയും ചെയ്യും.

Saudi Arabia Clubs Target Many European Players