ഹാട്രിക്കിനു പകരം ഒരു മോശം ഗോളിനെങ്കിലും വിജയിച്ചാൽ മതിയായിരുന്നു, ലോകകപ്പ് ഫൈനലിനെ കുറിച്ച് എംബാപ്പെ | Mbappe

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം. അർജന്റീന ആധിപത്യം പുലർത്തി രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം പിന്നീട് ഫ്രാൻസ് തിരിച്ചുവരവ് നടത്തുകയും അതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട് അർജന്റീന വിജയം നേടിയ മത്സരത്തിൽ രോമാഞ്ചം നൽകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു.

മത്സരത്തിൽ ഹാട്രിക്ക് പ്രകടനമാണ് എംബാപ്പെ നടത്തിയത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് എംബാപ്പെ. എന്നാൽ അങ്ങിനെയൊരു ഹാട്രിക്ക് നേട്ടം കൊണ്ട് യാതൊരു കാര്യവുമില്ലെന്നും ഒരു മോശം ഗോളിനെങ്കിലും ഫൈനലിൽ വിജയം നേടാൻ വേണ്ടി ആ ഹാട്രിക്ക് വേണ്ടെന്നു വെക്കാൻ തയ്യാറാണെന്നുമാണ് എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞത്.

“ആ സമയത്ത്, എനിക്കൊന്നും തോന്നിയിരുന്നില്ല. ഒരു മോശം ഗോളിന് 1-0ത്തിന്റെ വിജയം നേടാൻ ഞാൻ എന്റെ ഹാട്രിക്ക് കൈമാറുമായിരുന്നു. ഞങ്ങൾ മത്സരാർത്ഥികളാണ്, ചരിത്രമെഴുതാൻ ഞങ്ങൾ ആഗ്രഹിച്ചു, ട്രോഫി ഉയർത്താതെ അത് കൈവിടുന്നത് സങ്കടമാണ്. ലോകകപ്പ് മുഴുവൻ സവിശേഷമായിരുന്നു, സീസണിലെ ഏറ്റവും മികച്ച നിമിഷം. സീസണിനെ അടയാളപ്പെടുത്തുന്ന സംഭവമാണിത്.” എംബാപ്പെ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ ഹാട്രിക്ക് നേടിയിട്ടും കിരീടം നേടാൻ കഴിയാതിരുന്നതിന്റെ വേദന ഇപ്പോഴും ഫ്രഞ്ച് താരത്തിനുണ്ടെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായ രണ്ടാമത്തെ തവണ ലോകകപ്പെന്ന അതുല്യമായ നേട്ടം കൂടിയാണ് ലയണൽ മെസിയും സംഘവും ഇല്ലാതാക്കിയത്. ലയണൽ മെസിയുടെ കരിയർ അർഹിച്ച കിരീടമായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Mbappe Still Regret About World Cup Final