റിച്ചാർലിസൺ മോശം ഫോമിൽ, മുന്നേറ്റനിരയിലെ വജ്രായുധത്തെ പുറത്തെടുക്കാൻ സമയമായെന്ന് ആരാധകർ | Brazil

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിന്റെ ഉടമയാണെങ്കിലും നിലവിൽ മോശം ഫോമിലാണ് ബ്രസീലിയൻ താരം റിച്ചാർലിസൺ കളിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ക്ലബായ ടോട്ടനം ഹോസ്‌പറിനു വേണ്ടി തിളങ്ങാൻ കഴിഞ്ഞിട്ടില്ലാത്ത താരം ബൊളീവിയക്കെതിരായ കഴിഞ്ഞ മത്സരത്തിലും ശോകമായിരുന്നു. ഒരു വമ്പൻ അവസരം തുലച്ചു കളഞ്ഞ താരത്തെ പരിശീലകൻ പിൻവലിക്കുകയും ചെയ്‌തു. മോശം ഫോമിനെ തുടർന്ന് താരം ബെഞ്ചിലിരുന്ന് കരയുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

റിച്ചാർലിസൺ മോശം ഫോമിലായിട്ടും സ്‌ട്രൈക്കർ സ്ഥാനത്തേക്ക് മറ്റു താരങ്ങളെ ബ്രസീൽ പരിശീലകൻ എന്തു കൊണ്ട് പരിഗണിക്കുന്നില്ലെന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്. അതിൽ പലരും ചൂണ്ടിക്കാട്ടുന്ന പേരാണ് അത്ലറ്റികോ പരാനെന്സിന്റെ താരമായ വിക്റ്റർ റോക്യൂവിന്റേത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള താരം മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ബ്രസീലിന്റെ അണ്ടർ 23 ടീമിന്റെ പരിശീലകനായ റാമോൺ മെനസസ് ലോകോത്തര നിലവാരത്തിലേക്ക് എത്തുമെന്നുറപ്പുള്ള താരമെന്നാണ് റോക്യൂവിനെ വിശേഷിപ്പിച്ചത്.

ഈ സീസണിൽ ബ്രസീലിയൻ ലീഗിൽ പതിനേഴു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പതിനൊന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. വേഗതയും അതുപോലെ തന്നെ ഫിനിഷിങ് മികവുള്ള താരം ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ബ്രസീൽ ടീമിൽ അവസരങ്ങൾ നൽകാതെ മാറ്റി നിർത്തപ്പെടുന്നത്. ഇപ്പോൾ തന്നെ കൃത്യമായി ഉപയോഗിച്ചാൽ അടുത്ത കോപ്പ അമേരിക്ക ആകുമ്പോഴേക്കും ഒരു ഡെഡ്‌ലി സ്‌ട്രൈക്കറെയാകും ബ്രസീലിനു ലഭിക്കുക.

നിലവിൽ ബ്രസീലിയൻ ക്ലബിലാണ് കളിക്കുന്നതെങ്കിലും അടുത്ത സീസണിൽ യൂറോപ്പിലേക്ക് റോക്യൂ എത്തും. ലെവൻഡോസ്‌കിയുടെ പകരക്കാരനായി ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയെങ്കിലും 2024ൽ ടീമിനൊപ്പം ചേരുന്ന രീതിയിലാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിനു മുൻപ് റാമോൺ മെനസസ് ബ്രസീൽ ടീമിന്റെ താൽക്കാലിക പരിശീലകനായിരിക്കുമ്പോൾ റോക്യൂവിന് പകരക്കാരനായി അവസരം നൽകിയിരുന്നു. ബ്രസീൽ ടീമിലേക്ക് താരത്തെ പരിഗണിക്കാത്തതിൽ ബാഴ്‌സലോണക്കും പ്രതിഷേധമുണ്ട്.

Brazil Needs To Consider Vitor Roque