ഹാലൻഡിന്റെ സ്വന്തം പരിശീലകന്റെ പിന്തുണ മെസിക്ക്, 2023 ബാലൺ ഡി ഓർ മെസി നേടുമെന്ന് നോർവേ പരിശീലകൻ | Messi

2023 ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള മുപ്പതു പേരുടെ അന്തിമ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അടുത്ത മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന പുരസ്‌കാരത്തിന് ലയണൽ മെസിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ലയണൽ മെസിക്ക് വലിയ വെല്ലുവിളിയായി മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡുമുണ്ട്. ഇവരിൽ ആരാണ് പുരസ്‌കാരം സ്വന്തമാക്കുക എന്നത് സംബന്ധിച്ച് വലിയ ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്.

ഖത്തർ ലോകകപ്പിൽ അസാമാന്യ പ്രകടനം നടത്തി അർജന്റീനക്കൊപ്പം കിരീടം നേടിയതും ഫ്രഞ്ച് ലീഗ് കിരീടവും കളിക്കളത്തിൽ നടത്തുന്ന മിന്നുന്ന പ്രകടനവും മെസിക്ക് അനുകൂലമായി നിൽക്കുമ്പോൾ കഴിഞ്ഞ സീസണിൽ യൂറോപ്പിലെ എല്ലാവരെയും നിഷ്പ്രഭമാക്കിയ ഗോൾവേട്ടയും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടിയ ട്രെബിൾ കിരീടങ്ങളുമാണ് ഹാലാൻഡിനു കരുത്തേകുന്നത്. അതേസമയം ഹാലാൻഡിന്റെ ദേശീയ ടീമായ നോർവെയുടെ പരിശീലകൻ അഭിപ്രായപ്പെടുന്നത് മെസി പുരസ്‌കാരം സ്വന്തമാക്കുമെന്നാണ്.

“ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ് എന്നിവരിൽ ഒരാളായിരിക്കും പുരസ്‌കാരം നേടുകയെന്നാണ് ഞാൻ കരുതുന്നത്. ആരു ബാലൺ ഡി ഓർ നേടുമെന്നാണ് കരുതുന്നതെന്ന് നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ ലയണൽ മെസിയുടെ പേരാണ് പറയുക. കാരണം താരം കഴിഞ്ഞ ലോകകപ്പ് വിജയിച്ചിരുന്നു, അത് പുരസ്‌കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നോർവേ പരിശീലകൻ സോൾബാക്കാൻ പറഞ്ഞു.

ലയണൽ മെസിക്ക് മുൻതൂക്കമുണ്ടെന്ന് ഏവരും വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത്തവണ ബാലൺ ഡി ഓറിൽ വലിയൊരു പോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പുരസ്‌കാരം നേടാനായി പൊരുതുന്ന രണ്ടു താരങ്ങളും വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നതാണ് അതിനു കാരണം. അതുകൊണ്ട് തന്നെ ഒക്ടോബർ മുപ്പതിന് അവാർഡ് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

Norway Coach Thinks Messi Will Win Ballon Dor