ഒരു ഗോളോ അസിസ്റ്റോ കുറിക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല, എന്താണ് അർജന്റീനയെ കാത്തിരിക്കുന്നത് | Messi

ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിനായി അർജന്റീന തയ്യാറെടുക്കുമ്പോൾ അവർക്കു മുന്നിൽ വലിയൊരു പ്രതിസന്ധിയാണുള്ളത്. അർജന്റീന അടക്കം സൗത്ത് അമേരിക്കയിൽ നിന്നും ലോകകപ്പ് യോഗ്യതക്കായി മത്സരിക്കുന്ന ടീമുകൾക്കെല്ലാം കടുപ്പമേറിയ പോരാട്ടം നൽകുന്ന ബൊളീവിയയിലെ ലാ പാസിൽ വെച്ചാണ് മത്സരം നടക്കാൻ പോകുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള സ്റ്റേഡിയം ആയതിനാൽ തന്നെ ഇവിടെ ശ്വസിക്കാൻ പോലും താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും.

ഇക്വഡോറിനെതിരായ ആദ്യത്തെ മത്സരത്തിൽ ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയത്. മത്സരത്തിൽ അർജന്റീനയെ തടുക്കാൻ ഇക്വഡോറിനു ഒരു പരിധി വരെ കഴിഞ്ഞെങ്കിലും ലയണൽ മെസിയെ തടുക്കാൻ അവർക്കായില്ല. എഴുപത്തിയൊമ്പതാം മിനുട്ടിൽ ലയണൽ മെസി നേടിയ ഗോളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. ബൊളീവിയയിൽ വെച്ച് നടക്കുന്ന മത്സരത്തിനും മെസി ഉണ്ടാകുമെങ്കിലും ആ ഗ്രൗണ്ടിൽ താരത്തിന്റെ റെക്കോർഡ് വളരെ മോശമാണെന്ന ആശങ്ക ആരാധകർക്കുണ്ട്.

ലാ പാസിൽ ഇതുവരെ നാല് മത്സരങ്ങളാണ് ലയണൽ മെസി കളിച്ചിട്ടുള്ളത്. അതിൽ ഒരെണ്ണത്തിൽ മാത്രമേ മെസിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സ്‌കലോണി പരിശീലകനായതിനു ശേഷമുള്ള ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്നെയായിരുന്നു ആ വിജയം. അതിനു പുറമെ നടന്ന മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയുമാണ് മെസിക്ക് നേരിടേണ്ടി വന്നത്. ഈ മത്സരങ്ങളിൽ ഒന്നിൽപ്പോലും മെസിക്ക് ടീമിന് വേണ്ടി ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ലയണൽ മെസിയെപ്പോലെ എപ്പോൾ വേണമെങ്കിലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ഒരു താരം തന്നെ പതറുന്ന സ്റ്റേഡിയത്തിൽ അർജന്റീനക്ക് വിജയം നേടാൻ കഴിയുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരേയൊരു കാര്യം സ്‌കലോണി പരിശീലകനായപ്പോൾ ഇവിടെ നേടിയ വിജയമാണ്. അതൊരിക്കൽക്കൂടി ആവർത്തിച്ച് ലാ പാസിലെ ശാപം അവസാനിപ്പിക്കാൻ ടീമിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Messi Have Worst Record In La Paz