ആദ്യ ഇലവനിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി, കോപ്പ അമേരിക്കയിൽ വിജയത്തോടെ തുടങ്ങാൻ ബ്രസീൽ

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിനായി നാളെ പുലർച്ചെ കളത്തിലിറങ്ങുകയാണ് ബ്രസീൽ. കോസ്റ്റാറിക്കക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യത്തെ മത്സരം. ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടിയില്ലെങ്കിൽ ആരാധകരുടെ പ്രതിഷേധം കനക്കുമെന്നിരിക്കെ ബ്രസീലിനെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ മത്സരം.

കഴിഞ്ഞ നാല് മത്സരങ്ങൾ ബ്രസീലിനെ സംബന്ധിച്ച് സമ്മിശ്രമായ ഫലങ്ങളാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരെ വിജയം നേടിയ ടീം ബ്രസീൽ സ്പെയിനിനെതിരെ സമനില വഴങ്ങി. അതിനു ശേഷം കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന മത്സരങ്ങളിൽ മെക്‌സിക്കോക്കെതിരെ വിജയിച്ചപ്പോൾ അമേരിക്കക്കെതിരെ തോൽവി വഴങ്ങുകയും ചെയ്‌തു.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മത്സരങ്ങളിൽ നിന്നും ഏതാനും മാറ്റങ്ങളോടെയാണ് ബ്രസീൽ ടീം ഇറങ്ങുക. ലിവർപൂൾ താരം അലിസൺ തന്നെയാകും മത്സരത്തിൽ വല കാക്കുക. എഡർ മിലിറ്റവോ, മാർക്വിന്യോസ് എന്നിവർ സെന്റർ ബാക്കുകളായും ആരാന, ഡാനിലോ എന്നിവർ ഫുൾ ബാക്കുകളായും കളിക്കും.

മധ്യനിരയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ജോവോ ഗോമസ്, ബ്രൂണോ ഗുയ്മെറാസ്, ലൂക്കാസ് പക്വറ്റ എന്നിവർ തന്നെയാകും ആദ്യ ഇലവനിൽ ഇറങ്ങുക. മുന്നേറ്റനിരയിൽ എൻഡ്രിക്ക് സെന്റർ ഫോർവേഡായി ഇറങ്ങില്ല. വിങ്ങുകളിൽ റാഫിന്യയും വിനീഷ്യസും കളിക്കുമ്പോൾ ഫോർവേഡായി റോഡ്രിഗോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രസീലിനെ സംബന്ധിച്ച് വിജയത്തോടെ തുടങ്ങുകയെന്നത് വളരെ പ്രധാനമാണ്. കോസ്റ്ററിക്കക്കെതിരെ അവരെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണു കരുതപ്പെടുന്നത്. അതിനു ശേഷമുള്ള മത്സരങ്ങളിൽ പാരഗ്വായ്, കൊളംബിയ എന്നീ കരുത്തുറ്റ ടീമുകളെ നേരിടാനുള്ളതിനാൽ മത്സരത്തിൽ വിജയം നേടിയേ തീരൂ.