ആരാധകരേ ശാന്തരാകുവിൻ, ട്രാൻസ്‌ഫർ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയുള്ള ടീമുകളെല്ലാം പുതിയ സീസണിലേക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ചെന്നൈയിൻ എഫ്‌സി അവരുടെ സൈനിംഗുകൾ ഏറെക്കുറെ പൂർത്തിയാക്കി നേരത്തെ തന്നെ ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും എവിടെയും എത്താതെ നിൽക്കുകയാണ്. ചില ഇന്ത്യൻ താരങ്ങളുടെ സൈനിങ്‌ പ്രഖ്യാപിച്ചെങ്കിലും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിദേശതാരങ്ങളുടെ സൈനിങ്‌ ഒന്ന് പോലും പ്രഖ്യാപിച്ചിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം ആരാധകരുടെ രോഷത്തിനു കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടി നൽകിയിരുന്നു. ആവേശം സിനിമയിലെ സീനുകൾ ഉൾപ്പെടുത്തിയുണ്ടാക്കിയ വീഡിയോയിലൂടെ തങ്ങളെ ഉപദ്രവിക്കരുതെന്നും ഉടനെ തന്നെ അടുത്ത സൈനിങ്‌ പ്രഖ്യാപനം വരുന്നുണ്ടെന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മീഡിയ ടീം പറയുന്നത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തെയും സ്വന്തമാക്കിയതായി അഭ്യൂഹങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ നേരത്തെ തന്നെ സ്വന്തമാക്കിയ മുൻ എഫ്‌സി ഗോവ താരം നോവ സദൂയിയുടെ സൈനിങ്‌ ആയിരിക്കാം ഇതെന്നാണ് ആരാധകരിൽ പലരും കരുതുന്നത്. ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിതമായ സൈനിംഗുകൾ നടത്താറുള്ളതിനാൽ ആ പ്രതീക്ഷയും ആരാധകർക്കുണ്ട്.

എന്തായാലും നിലവിലുള്ള തണുപ്പൻ സമീപനത്തിൽ ആരാധകർക്ക് വലിയ നിരാശയുണ്ട്. അടുത്ത സീസണിലേക്ക് ഏതൊക്കെ താരങ്ങളെ വേണമെന്ന കാര്യത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനം എടുത്തിട്ടില്ല. പരിശീലകൻ ടീമിനൊപ്പം ചേരുന്നതോടെ ഇക്കാര്യത്തിലൊക്കെ തീരുമാനം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

fpm_start( "true" ); /* ]]> */