
ബ്രസീൽ ടീം പ്രഖ്യാപിച്ചു, മികച്ച ഫോമിലുള്ള മൂന്നു പ്രീമിയർ ലീഗ് താരങ്ങൾ പുറത്ത്
ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന, പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ മൂന്നു താരങ്ങൾ പുറത്ത്. മുന്നേറ്റനിര താരങ്ങളായ ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും പ്രതിരോധ താരം ഗബ്രിയേൽ മഗലേസുമാണ് ടീമിലിടം നേടാൻ കഴിയാതെ പുറത്തായത്.
ജൂണിൽ സൗത്ത് കൊറിയക്കും ജപ്പാനുമെതിരെ നടന്ന സൗഹൃദ മത്സരങ്ങളിൽ ഈ മൂന്നു താരങ്ങളും ബ്രസീൽ ടീമിൽ ഇടം നേടിയിരുന്നു. പരിക്കേറ്റ മഗലെസിനു പക്ഷെ ടീമിനു വേണ്ടി കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ ബ്രസീൽ സീനിയർ ടീമിൽ താരത്തിന്റെ അരങ്ങേറ്റം വൈകുമെന്നുറപ്പായി. ഈ സീസണിൽ കളിച്ച ആറു ലീഗ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയിച്ച് പോയിന്റ് ടേബിളിൽ ആഴ്സനലിനെ ഒന്നാം സ്ഥാനത്തു നിർത്താൻ പ്രധാന പങ്കു വഹിച്ച മൂന്നു താരങ്ങളെയാണ് ടിറ്റെ ഒഴിവാക്കിയത്.
ഈ താരങ്ങളെ ഒഴിവാക്കിയത് മറ്റു കളിക്കാരെ കുറച്ചുകൂടി ശ്രദ്ധാപൂർവം വീക്ഷിക്കാനും വിശകലനം ചെയ്യാനും വേണ്ടിയാണെന്നാണ് ബ്രസീൽ പരിശീലകൻ ടിറ്റെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. ആക്രമണ നിരയിൽ കളിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ടെന്നും ടീമിന് സന്തുലിതാവസ്ഥ ഉണ്ടാക്കുകയാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനുള്ള സ്ക്വാഡിൽ ഈ താരങ്ങൾ ഉണ്ടാകാനുള്ള സാധ്യത ടിറ്റെ തള്ളിക്കളയുന്നില്ല.
— George Addo Jnr (@addojunr) September 9, 2022
Brazil release squad ahead of
Ghana friendly. pic.twitter.com/Snat6Mp8Wm
അതേസമയം അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണി ബ്രസീൽ ടീമിൽ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ താരം ഗോൾ കണ്ടെത്തിയിരുന്നു. സീസണിൽ പന്ത്രണ്ടു ഗോളുകൾ നേടിയ ഫ്ളമങ്ങോ സ്ട്രൈക്കർ പെഡ്രോ, യുവന്റസിന്റെ ബ്രെമർ, റോമയുടെ ഇബനസ് എന്നീ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്ക് മൂലം വെറ്ററൻ താരം ഡാനി ആൽവസ് ടീമിലില്ല.
സെപ്തംബർ 23നു രാത്രി 12 മണിക്കാണ് ബ്രസീലും ഘാനയും തമ്മിലുള്ള മത്സരം നടക്കുക. അതിനു ശേഷം സെപ്തംബർ 27നു രാത്രി അതെ സമയത്ത് കാനറികൾ ടുണീഷ്യയെയും നേരിടും. ലോകകപ്പ് ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾക്കൊപ്പമുള്ള ബ്രസീലിനു ടൂർണമെന്റിനു മുൻപ് കരുത്തു തെളിയിക്കാനുള്ള അവസരമാണ് ഈ മത്സരങ്ങൾ.