മെസിയെയും റൊണാൾഡോയെയും ഒരൊറ്റ വാക്കിൽ വിശേഷിപ്പിച്ച് നെയ്‌മർ

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഭാഗ്യവാന്മാരാണ് നമ്മളോരോത്തരും. തീർത്തും ആരോഗ്യപരമായ മത്സരത്തിലൂടെ ഓരോ റെക്കോർഡുകൾ ഇവർ തകർത്തെറിയുമ്പോൾ ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും രണ്ടു ചേരികളിലായി നിലയുറപ്പിക്കുകയും ഇവരിൽ ആരാണ് മികച്ചതെന്ന കാര്യത്തിൽ തർക്കങ്ങൾ നടത്തുകയും ചെയ്‌തു. വർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ ഫോം മങ്ങിയിട്ടില്ലെന്നതു കൊണ്ട് ആ തർക്കം ഇപ്പോഴും തുടരുന്നു.

മെസിയുടെയും റൊണാൾഡോയുടെയും പിൻഗാമികളായ മാറാൻ കഴിവുള്ളവർ എന്ന നിലക്ക് നിരവധി താരങ്ങൾ പല കാലഘട്ടങ്ങളിൽ ഉയർന്നു വന്നെങ്കിലും അവരിൽ ആർക്കും ഈ രണ്ടു പേരുടെയും നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ല. ആ നിരയിൽ മെസിയും റൊണാൾഡോയും കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ള മറ്റൊരു താരം നെയ്‌മറാണ്. ഈ സീസണിൽ തന്റെ ഏറ്റവും മികച്ച ഫോമിൽ പിഎസ്‌ജിക്കു വേണ്ടി കളിക്കുന്ന ബ്രസീലിയൻ താരം കഴിഞ്ഞ ദിവസം ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒരൊറ്റ വാക്കിൽ വിശേഷിപ്പിക്കുകയുണ്ടായി.

നിരവധി തവണ മെസി റൊണാൾഡോ എന്നിവരിൽ ആരാണ് ഏറ്റവും മികതെന്ന ചോദ്യത്തിന് മറുപടി നൽകിയിട്ടുള്ള നെയ്‌മർ കഴിഞ്ഞ ദിവസം ഡിഎസെഡ്എൻ കാനഡയോടു സംസാരിക്കുമ്പോഴാണ് ഈ രണ്ടു താരങ്ങളെയും കുറിച്ച് സംസാരിച്ചത്. “ജീനിയസുകൾ” എന്നാണു ലയണൽ മെസിയെയും റൊണാൾഡോയെയും നെയ്‌മർ വിശേഷിപ്പിച്ചത്. മറ്റെല്ലാ താരങ്ങളെയും നിഷ്പ്രഭമാക്കി ഫുട്ബോൾ ലോകം ഭരിച്ച രണ്ടു പേർക്കുമിണങ്ങുന്ന നീതിപൂർവകമായ വിശേഷണം തന്നെയാണ് നെയ്‌മർ നൽകിയതെന്നതിൽ സംശയമില്ല.

കരിയറിൽ രണ്ടു ക്ലബുകളിൽ ലയണൽ മെസിക്കൊപ്പം കളിക്കാൻ നെയ്‌മർക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യം ബാഴ്‌സലോണയിൽ ഒരുമിച്ച ഇരുവരും ഇപ്പോൾ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ ഒപ്പം കളിച്ചു കൊണ്ടിരിക്കുകയാണ്. ലയണൽ മെസിക്കൊപ്പം നെയ്‌മർ കളിക്കളത്തിൽ പുലർത്തുന്ന ഒത്തിണക്കം അന്നും ഇന്നും വളരെ പേരുകേട്ടതാണ്. അതേസമയം റൊണാൾഡോക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും നെയ്‌മർക്ക് പോർച്ചുഗീസ് താരത്തിനൊപ്പം ഒരുമിക്കാനായിട്ടില്ല.