ആറു മിനുറ്റിനിടെ മൂന്നു ഗോളുകൾ, ഖത്തർ ലോകകപ്പിലെ താരമാകാൻ ബ്രസീലിയൻ യുവതാരം

പ്രതിഭാധനരായ ഫുട്ബോൾ താരങ്ങൾക്ക് ഒരു കുറവുമില്ലാത്ത രാജ്യമാണ് ബ്രസീൽ. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിരവധി ഫുട്ബോൾ താരങ്ങളിൽ പലരും ബ്രസീലിൽ നിന്നുമുള്ളവരാണ്. അതിനു പുറമെ ഓരോ വർഷവും പുതിയ മികച്ച താരങ്ങൾ അവിടെ നിന്നും വളർന്നു വരികയും ചെയ്യുന്നു. ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ട്രാൻസ്‌ഫർ ഫീസ് ലഭിച്ച താരമായ നെയ്‌മർ, നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാളായ വിനീഷ്യസ് ജൂനിയർ, റയൽ മാഡ്രിഡിൽ വിനീഷ്യസിന്റെ സഹതാരമായ റോഡ്രിഗോ എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു.

ബ്രസീലിൽ നിന്നും ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്ന് ആഭ്യന്തര ലീഗിൽ ഫ്ലമെങ്ങോക്കു വേണ്ടി കളിക്കുന്ന പെഡ്രോയുടേതാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രഗാന്റിനോക്കെതിരെ ഫ്‌ളമങ്ങോക്ക് വേണ്ടി ആറു മിനുറ്റിനിടെ ഹാട്രിക്ക് നേടിയാണ് താരം കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ സീസണിലിതു വരെ ഇരുപത്തിയേഴു ഗോളുകളാണ് പെഡ്രോ നേടിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം നടത്തുന്ന താരം ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ഊർജ്ജം നൽകുന്നുണ്ട്.

ഫ്ലെമങ്ങോ അടക്കം നാലോളം ബ്രസീലിയൻ ക്ലബുകളിലൂടെ യൂത്ത് കരിയർ പൂർത്തിയാക്കിയ പെഡ്രോ ഫ്ലുമിനൻസിലാണ് തന്റെ സീനിയർ കരിയറിന് ആരംഭം കുറിക്കുന്നത്. 70 മത്സരങ്ങളിൽ നിന്നും ഇരുപത്തിയാറു ഗോളുകൾ ഫ്ലുമിനൻസിനു വേണ്ടി നേടിയ പെഡ്രോയെ 2016ൽ ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീന ടീമിന്റെ ഭാഗമാക്കിയെങ്കിലും നാല് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്. അതിനു ശേഷം ഫ്ലെമംഗോയിൽ ലോണിൽ കളിച്ച പെഡ്രോയെ 2020ലാണ് അവർ സ്ഥിരം കരാറിൽ സ്വന്തമാക്കുന്നത്.

ഫ്ലെമങ്ങോക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്ന പെഡ്രോ ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിച്ചിരുന്നു. ട്യുണീഷ്യക്കെതിരെ ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച സൗഹൃദമത്സരത്തിൽ ബ്രസീലിന്റെ അവസാനത്തെ ഗോൾ നേടാനും താരത്തിനായി. ബ്രസീലിനായി പെഡ്രോ കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു അത്. ഇതിനു മുൻപ് വെനസ്വലക്കെതിരെ 2020ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് പെഡ്രോ കളിച്ചിട്ടുള്ളത്. രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ടീമിലേക്ക് തിരിച്ചെത്താനും ഗോൾ നേടാനും കഴിഞ്ഞത് താരത്തിനും പ്രതീക്ഷയാണ്.

വേഗതക്കുറവ് മാത്രം ഒരു പോരായ്‌മയായുള്ള പെഡ്രോ ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ ബ്രസീലിയൻ ടീമിന് മുതൽക്കൂട്ടാണ്. വേണ്ടത്ര ഉയരമുള്ള താരത്തിന് ഏരിയൽ ബോൾസിലും ആധിപത്യം സ്ഥാപിക്കാൻ കഴിയും. ഈ പ്രകടനം തുടർന്നാൽ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പുള്ള ഇരുപത്തിയഞ്ചു വയസുള്ള താരത്തിന് കഴിവു തെളിയിക്കാൻ കഴിഞ്ഞാൽ ഖത്തറിൽ ബ്രസീലിന്റെ കുന്തമുനയായി മാറി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ കഴിയുമെന്നതിൽ സംശയമില്ല.