അന്ന് അച്ഛന്റെ കാലു തകർക്കാൻ ശ്രമിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം, ഇന്ന് അതേ ക്ലബിനോടു പ്രതികാരം ചെയ്‌ത്‌ എർലിങ് ഹാലൻഡ്

ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ താരമായത് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ എർലിങ് ഹാലൻഡായിരുന്നു. മൂന്നിനെതിരെ ആറു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ നോർവീജിയൻ താരം ഹാട്രിക്ക് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി സഹതാരമായ ഫിൽ ഫോഡനും മത്സരത്തിൽ ഹാട്രിക്ക് നേടിയപ്പോൾ യുണൈറ്റഡിനായി ആന്റണി മാർഷ്യൽ ഇരട്ടഗോളുകളും ബ്രസീലിയൻ താരം ആന്റണി ഒരു ഗോളും നേടി.

ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയതോടെ താരത്തിന്റെ പിതാവായ ആൽഫി ഹാലാൻഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ നടത്തിയ ഫൗളിനെക്കുറിച്ച് ഏവരും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 2001ലെ മാഞ്ചസ്റ്റർ ഡെർബി നാല് മിനുട്ട് മാത്രം ബാക്കി നിൽക്കെ ആൽഫി ഹാലാൻഡിനെ റോയ് കീൻ ബോധപൂർവം ചെയ്‌ത ഫൗൾ താരത്തിന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

1997ൽ ആൽഫി ഹാലാൻഡ് ലീഡ്‌സ് യുണൈറ്റഡിൽ കളിക്കുന്ന സമയത്തു തന്നെ റോയ് കീനിനെതിരെ വന്നിരുന്നു. ആ മത്സരത്തിനു ശേഷം ആൽഫി ഹാലൻഡിനെ താൻ നോട്ടമിട്ടു വെച്ചിരുന്നുവെന്ന് റോയ് കീൻ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം 2001ലെ മാഞ്ചസ്റ്റർ ഡെർബിയിൽ നേർക്കുനേർ വന്നപ്പോഴാണ് കീൻ തന്റെ വിദ്വേഷം ക്രൂരമായ രീതിയിൽ തീർത്തത്. മത്സരം അവസാനിക്കാനിരിക്കെ കീൻ നടത്തിയ ഫൗൾ യാദൃശ്ചികമല്ല, മനഃപൂർവമാണെന്ന് ആ ദൃശ്യം കാണുന്ന ഏതൊരാൾക്കും മനസിലാകും.

ആ ഫൗളിന് അപ്പോൾ തന്നെ ചുവപ്പുകാർഡ് നേടിയതിനു പുറമെ കീനിനെ തേടി വിലക്കും പിഴയുമെല്ലാം വന്നിരുന്നു. എന്നാൽ ആ ഫൗൾ തന്റെ കരിയറിനെ തന്നെ ബാധിച്ചുവെന്ന് പിന്നീട് ആൽഫി ഹാലാൻഡ് വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ആ ഫൗൾ നടന്നതിനു ശേഷം പിന്നീട് ഒരു മത്സരത്തിൽ പോലും മുഴുവൻ സമയവും കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആൽഫി പിന്നീട് വെളിപ്പെടുത്തിയത്. രണ്ടു വർഷത്തിനു ശേഷം അദ്ദേഹം ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്‌തു.

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു തനിക്കുള്ള അകൽച്ച എർലിങ് ഹാലാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ ക്ലബിന്റെ പേരു കേൾക്കുന്നതു പോലും ഇഷ്ടമല്ലെന്നാണ് താരം പറഞ്ഞത്. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം അച്ഛന്റെ മുന്നിൽ വെച്ചു തന്നെ ആ ടീമിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയ ഹാലാൻഡ് അക്ഷരാർത്ഥത്തിൽ ഒരു പ്രതികാരം കൂടിയാണ് നടപ്പിലാക്കിയത്.

മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുൻപ് ആൽഫി ഹാലൻഡും റോയ് കീനും തമ്മിൽ ഒരു കൂടിക്കാഴ്‌ചക്ക് അവസരമുണ്ടായിരുന്നെങ്കിലും ഹാലൻഡിനെ പിതാവ് അതിനു തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. തന്റെ പ്രവൃത്തിയിൽ കീൻ പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആൽഫി ഹാലാൻഡിന്റെ മനസ്സിൽ അതുണ്ടാക്കിയ മുറിവുകൾ അവസാനിച്ചിരിക്കില്ല. അതുകൊണ്ടു തന്നെയാവാം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മകന്റെ ഹാട്രിക്ക് അദ്ദേഹം മതിമറന്ന് ആഘോഷിച്ചതും.