യുവാൻ റോമൻ റിക്വൽമി: കായികശേഷിയേക്കാൾ വിഷനും പാസിങ് മികവും കൊണ്ടു കളിക്കളം ഭരിച്ച അതുല്യ പ്രതിഭ

ഒട്ടനവധി മികച്ച താരങ്ങൾ പിറവി കൊണ്ടിട്ടുള്ള അർജന്റീനയിൽ തന്റെ ശൈലിയിലേക്ക് ഒരു ടീമിനെ തന്നെ മാറ്റിയെടുത്തിട്ടുള്ള കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനു പകരം തന്നിലേക്കെത്തുന്ന പന്തിനെ മികച്ചൊരു ടച്ച് കൊണ്ടു മെരുക്കിയെടുത്തതിനു ശേഷം നൽകുന്ന പാസിലാണ് യുവാൻ റോമൻ റിക്വൽമി തന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുത്തുന്നത്. തന്റെ കേളീമികവു കൊണ്ട് കുറച്ചു കാലത്തേക്കാണെങ്കിൽ പോലും അർജന്റീന, വിയ്യാറയൽ ടീമുകളെ മുന്നോട്ടു കൊണ്ടുപോകാനും റിക്വൽമിക്ക് കഴിഞ്ഞു.

കായികശേഷിക്ക് പ്രാധാന്യം നൽകുന്ന, തൊണ്ണൂറു മിനുട്ടും കളിക്കളത്തിൽ തളരാതെ ഓടുന്ന, എതിരാളികളുടെ നീക്കങ്ങളുടെ മുനയൊടിക്കുന്ന എഞ്ചിനുകളായി മധ്യനിര താരങ്ങൾ മാറിത്തുടങ്ങുന്ന കാലത്താണ് യുവാൻ റോമൻ റിക്വൽമി കളിച്ചിരുന്നത്. എന്നാൽ ആ സമയത്തെല്ലാം തന്റെ പന്തടക്കവും പാസിംഗ് വിഷനും കൊണ്ട് താൻ കളിച്ചിരുന്ന ടീമുകളുടെ കേന്ദ്രബിന്ദുവായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു. റിക്വൽമി കളിച്ചിരുന്ന കാലത്ത് അർജന്റീന ഫുട്ബോൾ പതിഞ്ഞ താളത്തിൽ മുന്നോട്ടു പോയിരുന്നതിന്റെ കാരണവും താരത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു.

റിക്വൽമിയെക്കുറിച്ച് പറയുമ്പോൾ 2006 ലോകകപ്പിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇരുപത്തിയഞ്ചു പാസുകൾക്കൊടുവിൽ പിറവി കൊണ്ട ഗോളടക്കം അർജന്റീന മികച്ച പ്രകടനം നടത്തിയ ലോകകപ്പിൽ അന്നത്തെ പരിശീലകൻ പെക്കർമാൻ എടുത്ത ഒരേയൊരു തീരുമാനമാണ് ക്വാർട്ടർ ഫൈനലിൽ അർജന്റീന പുറത്താകാൻ കാരണമായതെന്നു വേണം പറയാൻ. ബല്ലാക്ക്, ഷൈൻസ്റ്റെയ്‌ഗർ, ലാം എന്നിവരടങ്ങുന്ന ജർമൻ നിരയെ തന്റെ പന്തടക്കം കൊണ്ട് റിക്വൽമി അനായാസം കീഴടക്കി മുന്നേറുന്ന സമയത്താണ് എഴുപത്തിരണ്ടാം മിനുട്ടിൽ പെക്കർമാൻ താരത്തെ പിൻവലിക്കുന്നത്.

ജർമൻ ടീമിന്റെ വേഗതയേറിയ ഫുട്ബോളിനെ തന്റെ പാസിംഗ് ഗെയിം കൊണ്ട് റിക്വൽമി ഒന്നുമല്ലാതാക്കി മാറ്റിയപ്പോൾ താരമെടുത്ത ഒരു കോർണറിൽ നിന്നും അയാളയിലൂടെ അർജന്റീന ലീഡെടുത്തിരുന്നു. അർജന്റീന വിജയം നേടുമെന്നു തോന്നിപ്പിച്ച ഘട്ടത്തിൽ റിക്വൽമിയെ പിൻവലിച്ച പരിശീലകന്റെ തീരുമാനം തെറ്റി. അതുവരെ കളി നിയന്ത്രിച്ചയാളുടെ അഭാവത്തിൽ അർജന്റീനക്ക് താളം നഷ്ടപ്പെടുകയും എൺപതാം മിനുട്ടിൽ ക്ളോസെയിലൂടെ ജർമനി സമനില ഗോൾ നേടുകയും ചെയ്‌തു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ജർമനി വിജയം നേടുമ്പോൾ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളാണ് ആ തീരുമാനം കൊണ്ട് ഇല്ലാതായത്.

ബാഴ്‌സലോണയിൽ കളിച്ച താരമായിരുന്നു റിക്വൽമിയെങ്കിലും ലൂയിസ് വാൻ ഗാൽ യൂറോപ്യൻ ഫുട്ബോളിന്റെ വേഗതയിലേക്ക് താരത്തെ മെരുക്കിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടർന്ന് ടീമിൽ നിന്നും ഒഴിവാക്കി. തുടർന്ന് വിയ്യാറയലിലേക്ക് ചേക്കേറിയ റിക്വൽമി അവിടെ മിന്നുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. ഒരിക്കൽ വിയ്യാറയലിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തിക്കാനും അർജന്റീന താരത്തിന് കഴിഞ്ഞു. വിയ്യാറയലിൽ നിന്നും തന്റെ മുൻ ക്ലബായ റിവർപ്ളേറ്റിൽ എത്തിയ റിക്വൽമി പിന്നീട് അർജന്റീന ജൂനിയേഴ്‌സിനും വേണ്ടി കളിച്ചതിനു ശേഷമാണ് കരിയർ അവസാനിപ്പിക്കുന്നത്.

മെസിയും റിക്വൽമിയും ഒരുമിച്ച് അണിനിരക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നു 2010ലേത്. എന്നാൽ അന്നത്തെ പരിശീലകനായ ഡീഗോ മറഡോണയും താരവും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങൾ തലപൊക്കിയത്. ഇതേതുടർന്ന് ദേശീയ ഫുട്ബോളിൽ നിന്നും മാറിനിൽക്കാൻ താരം തീരുമാനിച്ചതോടെ ഒരുപക്ഷെ അർജന്റീനക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്ന ഒരു ലോകകപ്പാണ് ഇല്ലാതായത്. പിന്നീട് അർജന്റീന ടീമിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. താരം കളിച്ചിരുന്ന സമയത്തു നിന്നും ഒരുപാട് മാറിയ ഒരു അർജന്റീന ടീമിനെയാണ് പിന്നീടു നമ്മൾ കണ്ടിട്ടുള്ളത്.

ആധുനിക ഫുട്ബോളിന്റെ വേഗതയിൽ ഇടം പിടിക്കാൻ റിക്വൽമിക്ക് കഴിയില്ലായിരിക്കുമെങ്കിലും കാലം തെറ്റിയെത്തിയ ഒരു കളിക്കാരനായി റിക്വൽമിയെ ഒരിക്കലും കാണാൻ കഴിയില്ല. വർക്ക് റേറ്റ് കുറവാണെങ്കിലും തന്നിലേക്കെത്തുന്ന ഓരോ പന്തിനേയും അടക്കി നിർത്തി അതിനെ മനോഹരമായി മുന്നേറ്റനിരയിലേക്ക് തിരിച്ചുവിട്ട് മത്സരം ഒറ്റക്ക് നിയന്ത്രിക്കാൻ കഴിവുള്ള ഒരുപാട് ഫുട്ബോൾ താരങ്ങളൊന്നും പിറവി കൊണ്ടിട്ടില്ല. അതുകൊണ്ടു തന്നെ സ്വന്തമാക്കിയ നേട്ടങ്ങളുടെ കാര്യത്തിൽ പിന്നിലാണെങ്കിലും ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാൾ തന്നെയാണ് റിക്വൽമിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.