ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ കസമീറോയുടെ സ്ഥാനം കൈക്കലാക്കാൻ പ്രീമിയർ ലീഗിൽ നിന്നുമൊരു താരം: ബ്രൂണോ ഗുയ്മെറാസ്

2021-22 സീസണിന്റെ ഇടയിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ ഉടമകളുള്ള ക്ലബായി അവർ മാറിയെങ്കിലും വമ്പൻ താരങ്ങളെ ഒറ്റയടിക്ക് ടീമിലേക്ക് കൂട്ടിച്ചേർക്കുന്നതിനു പകരം പടിപടിയായി ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് അവർ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി നിരവധി താരങ്ങളെ അവർ ടീമിലെത്തിക്കുകയും ചെയ്‌തു.

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ന്യൂകാസിലിന്റെ ഉടമകളായതിനു ശേഷമുള്ള ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് നടത്തിയ പ്രധാനപ്പെട്ടൊരു സൈനിങ് ബ്രസീലിയൻ മധ്യനിര താരമായ ബ്രൂണോ ഗുയ്മെറാസിന്റേതായിരുന്നു. ഫ്രഞ്ച് ക്ലബായ ലിയോണിന്റെ താരമായ ബ്രൂണോയെ അമ്പതു മില്യൺ യൂറോ നൽകിയാണ് ന്യൂകാസിൽ സ്വന്തമാക്കിയത്. ആ സമയത്ത് ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകക്കുള്ള ട്രാൻസ്‌ഫറായിരുന്നു അത്. പിന്നീട് റയൽ സോസിഡാഡിൽ നിന്നും അലക്‌സാണ്ടർ ഐസക്ക് എത്തിയപ്പോഴാണ് ആ റെക്കോർഡ് തകർന്നത്.

ഫ്രഞ്ച് ലീഗിൽ നിന്നും പ്രീമിയർ ലീഗിലേക്കെത്തിയ ബ്രൂണോ ഗുയ്മെറാസ് വളരെ പെട്ടന്നാണ് ടീമുമായി ഒത്തിണങ്ങിയത്. ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി മാറുകയെന്ന ദീർഘദൂര ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ന്യൂകാസിലിൽ മികച്ചൊരു ഭാവി തനിക്കുണ്ടെന്നു തെളിയിച്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ ബ്രസീലിയൻ മിഡ്‌ഫീൽഡർക്ക് കഴിഞ്ഞു. ഡിഫൻസീവ് മിഡ്‌ഫീൽഡാണ് പൊസിഷനെങ്കിലും കഴിഞ്ഞ സീസണിൽ പതിനൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം അഞ്ചു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ ബാക്കിയാണ് ഈ സീസണിൽ ന്യൂകാസിൽ യുണൈറ്റഡിനൊപ്പം ബ്രൂണോ നടത്തുന്നത്. ഈ സീസണിൽ ആറു മത്സരങ്ങളിൽ കളിച്ച താരം രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ ടീമിൽ അവസരം ലഭിക്കാതിരുന്ന താരം അതിനു ശേഷം ബ്രെന്റഫോഡിനും ഫുൾഹാമിനുമെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് ഈ ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കിയത്. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിതന്നെയാണ് ബ്രൂണോ ഇപ്പോൾ കളിക്കുന്നതെന്നു വ്യക്തം.

നിലവിൽ ബ്രസീൽ ടീമിന്റെ ഡിഫൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കസമീറോയാണ് സ്ഥിരസാന്നിധ്യമെങ്കിലും അതിനു പകരക്കാരനായി ബ്രൂണോ എത്തില്ലെന്ന് പറയാൻ കഴിയില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ കസമീറോക്ക് ടീമിൽ അവസരങ്ങൾ കുറവാണ്. ഇതിനൊപ്പം ബ്രൂണോ മികച്ച പ്രകടനം നടത്തുകയും ചെയ്യുമ്പോൾ പരിശീലകൻ ടിറ്റെ മറിച്ചു ചിന്തിക്കാനുള്ള സാധ്യതയുണ്ട്. മത്സരത്തെ കൃത്യമായി വായിക്കാനും മികച്ച പാസുകൾ നൽകാനും കഴിയുന്ന താരം കായികശേഷിയിലും മുന്നിലാണ്. കസമീറോയെ അപേക്ഷിച്ച് കൂടുതൽ ഗോളുകൾ ഓഫർ ചെയ്യാനും ബ്രൂണൊക്ക് കഴിയുന്നുണ്ട്.

മികച്ച ഫസ്റ്റ് ടച്ചും പന്ത് കൈവശം വെക്കാനുള്ള കഴിവുമുള്ള ബ്രൂണോക്ക് മിഡ്‌ഫീൽഡിൽ ഏതു പൊസിഷനിൽ വേണമെങ്കിലും കളിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. സമീപകാലത്തു ബ്രസീലിയൻ ലീഗിൽ കളിച്ച ഏറ്റവും മികച്ച മധ്യനിര താരമായി പലരും ബ്രൂണോയെ വിലയിരുത്തുന്നുണ്ട്. ഡ്രിബ്ലിങ്ങിലും മുന്നേറ്റനിരയെ സഹായിക്കുന്നതിലും മുന്നിൽ നിൽക്കുന്ന താരത്തിന്റെ സാന്നിധ്യം കൊണ്ടു കൂടിയാണ് കഴിഞ്ഞ സീസണിൽ തരം താഴ്ത്തൽ മേഖലയിൽ കിടന്നിരുന്ന ന്യൂകാസിൽ സീസൺ അവസാനിച്ചപ്പോൾ പതിനൊന്നാം സ്ഥാനത്തേക്കെത്തിയത്. പ്രീമിയർ ലീഗിലെ മിഡ്‌ഫീൽഡർമാരിൽ ടാക്കിളുകൾ, ഉണ്ടാക്കിയ അവസരങ്ങൾ, ത്രൂ ബോളുകൾ എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്ന താരത്തിന്റെ പിൻബലത്തിൽ സീസണിൽ നിലവിൽ ആറാം സ്ഥാനത്താണ് ക്ലബ് നിൽക്കുന്നത്.