സ്‌പാനിഷ്‌ ഫുട്ബോളിൽ ഇനി സാവിയുടെ കാലം, സിദാന്റെ റെക്കോർഡ് മറികടന്ന് ബാഴ്‌സലോണ പരിശീലകൻ

കഴിഞ്ഞ സീസണിനിടയിൽ റൊണാൾഡ്‌ കൂമാനെ പുറത്താക്കിയ ഒഴിവിൽ സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ബാഴ്‌സലോണ ടോപ് ഫോറിൽ പോലും ഇടം പിടിക്കില്ലെന്നു കരുതിയ സമയത്താണ് സാവി ടീമിന്റെ പരിശീലകനായി എത്തുന്നതും സീസൺ അവസാനിച്ചപ്പോൾ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതും. ഇതോടെ ഈ സീസണിൽ അദ്ദേഹത്തിലുള്ള പ്രതീക്ഷ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ സാവിയുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിനാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അദ്ദേഹം ആവശ്യപ്പെട്ട താരങ്ങളെ സ്വന്തമാക്കി നൽകാൻ ബാഴ്‌സലോണ ശ്രമിച്ചിരുന്നു. സാമ്പത്തികപ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞ ക്ലബ് നിരവധി മികച്ച താരങ്ങളെയാണ് ഫ്രീ ഏജന്റായും അല്ലാതെയും ടീമിൽ എത്തിച്ചത്. ഇതിന്റെ ഭാഗമായി കൂടുതൽ കരുത്തു നേടിയ ബാഴ്‌സലോണ ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ്.

ഇന്നലെ നടന്ന മത്സരത്തിൽ റയൽ മയോർക്കക്കെതിരെയും വിജയം നേടിയതോടെ ഈ സീസണിൽ ലീഗിലെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്നതു നിലനിർത്താൻ ബാഴ്‌സലോണക്കായി. റോബർട്ട് ലെവൻഡോസ്‌കി ഇരുപതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലാണ് ബാഴ്‌സലോണ റയൽ മയോർക്കയുടെ മൈതാനത്തു നടന്ന മത്സരത്തിൽ വിജയം നേടിയത്. ഇതോടെ താൽക്കാലികമായി ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണക്കൊപ്പം സാവിയും ഒരു റെക്കോർഡ് നേടുകയുണ്ടായി.

റയൽ മയ്യോർക്കക്കെതിരെ അവരുടെ മൈതാനത്തു വിജയം നേടിയതോടെ ലാ ലിഗയിൽ തുടർച്ചയായി ഏറ്റവുമധികം എവേ മത്സരങ്ങളിൽ പരാജയം അറിയാതെ ടീമിനെ നയിച്ച പരിശീലകനെന്ന റെക്കോർഡാണ് സാവി സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തോടെ ലീഗിൽ തുടർച്ചയായ പതിനെട്ടാമത്തെ എവേ മത്സരത്തിലാണ് ബാഴ്‌സലോണ പരാജയം അറിയാതിരിക്കുന്നത്. ഇതോടെ മുൻ റയൽ മാഡ്രിഡ് താരമായ സിനദിൻ സിദാന്റെ പേരിലുള്ള റെക്കോർഡാണ് സാവി സ്വന്തം പേരിലാക്കിയത്.

സാവിയുടെ കീഴിൽ ബാഴ്‌സലോണ നടത്തുന്ന കുതിപ്പ് ക്ലബിന്റെ ആരാധകർക്ക് ഈ സീസണിൽ കിരീടപ്രതീക്ഷ നൽകുന്നുണ്ട്. ലാ ലീഗയിൽ ആദ്യത്തെ മത്സരത്തിൽ വഴങ്ങിയ സമനില ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാ മത്സരത്തിലും വിജയം നേടിയ ബാഴ്‌സലോണ ഈ സീസണിൽ പരാജയം അറിഞ്ഞിരിക്കുന്നത് ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ മാത്രമാണ്. ഇനി ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.