എതിരാളിയുടെ ഫൗളേറ്റു വീഴുമ്പോഴും നോ ലുക്ക് പാസ്, മെസി അത്ഭുതമെന്ന് ആരാധകർ

കളിക്കളത്തിലെ തന്റെ മാന്ത്രികനീക്കങ്ങൾ കൊണ്ട് ഏവരെയും ഈ പ്രായത്തിലും വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ലയണൽ മെസി. കഴിഞ്ഞ സീസണിൽ ഒന്നു നിറം മങ്ങിയെങ്കിലും ഈ സീസണിൽ അർജന്റീനക്കും പിഎസ്‌ജിക്കും വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ ദിവസം നീസിനെതിരെ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബിനു വേണ്ടി തന്റെ ആദ്യത്ത ഗോൾ നേടുകയുണ്ടായി. ഇരുപത്തിയൊമ്പതാം മിനുട്ടിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾ നേടുന്നത്.

നീസിനെതിരായ മത്സരത്തിലെ മെസിയുടെ പ്രകടനവും ഗോളും സോഷ്യൽ മീഡിയയിൽ ആരാധകർ കൊണ്ടാടുകയാണ്. അതിനൊപ്പം തന്നെ ആരാധകരിൽ വിസ്‌മയം നിറക്കുന്നത് മത്സരത്തിനിടെ ഒരു ഫൗളേറ്റു വീഴുമ്പോൾ മെസി നൽകുന്ന നോ ലുക്ക് പാസാണ്. കളിയുടെ അമ്പത്തിയെട്ടാം മിനുട്ടിലാണ് താൻ അസാധാരണ പ്രതിഭയുള്ള താരം തന്നെയാണെന്നു തെളിയിക്കുന്ന മെസിയുടെ പാസ് പിറന്നത്. ഫൗളേറ്റു വീഴുമ്പോൾ അബദ്ധത്തിലല്ല, മറിച്ച് സഹതാരത്തിന്റെ പൊസിഷൻ കൃത്യമായി മനസിലാക്കി തന്നെയാണ് മെസി പാസ് നൽകുന്നത്.

മത്സരത്തിന്റെ അമ്പത്തിയേഴാം മിനുട്ടിൽ പന്തുമായി മുന്നേറുന്ന ലയണൽ മെസിയെ നീസ് പ്രതിരോധതാരം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഫൗൾ പിറന്നത്. ഇതിൽ ബാലൻസ് തെറ്റി വീണ ലയണൽ മെസി തറയിൽ വീണയുടനെ തന്റെ അരികിൽ കിടക്കുകയായിരുന്ന പന്ത് കാലു കൊണ്ടു തട്ടി സഹതാരമായ നെയ്‌മറിലേക്ക് എത്തിക്കുകയായിരുന്നു. നെയ്‌മർ എവിടെയാണെന്ന് വ്യക്തമായി കാണാതെ താരത്തിന്റെ പൊസിഷൻ കൃത്യമായി ഊഹിച്ചാണ് മെസി ആ പാസ് നൽകിയത്.

മെസിയുടെ പാസിൽ നിന്നും ഗോളൊന്നും പിറന്നില്ലെങ്കിലും അതിന്റെ മനോഹാരിത ഓരോ ആരാധകനും രോമാഞ്ചം നൽകിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ മുപ്പത്തിയഞ്ചാം വയസിലും മൈതാനത്ത് ആത്മാർത്ഥമായ പ്രകടനം നടത്തുകയും അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യുന്ന മെസിയിൽ നിന്നും കൂടുതൽ വിസ്‌മയങ്ങൾ ഇനിയും പിറക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഇന്നലെയുണ്ടായ സംഭവം വ്യക്തമാക്കുന്നു.

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞായി മാറുന്ന ലയണൽ മെസി ഈ സീസണിൽ പിഎസ്‌ജിയുടെയും അർജന്റീനയുടെയും കളിയെ മുന്നോട്ടു കൊണ്ടു പോകുന്ന കേന്ദ്രമാണ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി ഈ സീസണിൽ പരിശീലകൻ കൂടുതൽ സ്വാതന്ത്ര്യം പിഎസ്‌ജിയിൽ നൽകുന്നത് മെസിയുടെ പ്രകടനം മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിഎസ്‌ജിക്ക് കിരീടങ്ങൾ നേടാമെന്ന പ്രതീക്ഷയും വർധിച്ചിരിക്കുന്നു.