മാഞ്ചസ്റ്റർ ഡെർബിയിൽ തിരിച്ചുവരവിനു തുടക്കം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്‌കോററായിരുന്നെങ്കിലും ഈ സീസണിൽ ഇക്കാലമത്രയുമുള്ള തന്റെ ഫോമിന്റെ തൊട്ടടുത്തെത്തുന്ന പ്രകടനം പോലും നടത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം നടത്തിയതിന്റെ പേരിൽ ആരാധകരുടെ അതൃപ്‌തിക്കു കാരണമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മോശം ഫോമിന്റെ പേരിലും വിമർശനങ്ങൾ നേരിടുകയാണ്.

ഈ സീസണിൽ പകരക്കാരനായും ആദ്യ ഇലവനിലും നിരവധി മത്സരങ്ങളിൽ ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടിയത്. അതാണെങ്കിൽ യൂറോപ്പ ലീഗിൽ എഫ്‌സി ഷെരീഫിനെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നത് താരത്തിന്റെ മോശം ഫോമിനു കാരണമായി ആരാധകർ പറയുന്നുണ്ടെങ്കിലും അതിനു ശേഷം പോർച്ചുഗൽ ടീമിനൊപ്പം ഇറങ്ങിയ രണ്ടു കളികളിലും റൊണാൾഡോക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തന്റെ കരിയറിൽ നിരവധി വിമർശനങ്ങൾ നേരിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ അതിനെയെല്ലാം മറികടന്ന് മികച്ച രീതിയിൽ തിരിച്ചു വരാൻ ഓരോ തവണയും താരത്തിനായിട്ടുണ്ട്. ഇന്ന് വൈകുന്നേരം മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടക്കുന്ന മത്സരത്തിലും അതുപോലൊരു തിരിച്ചു വരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെ കീഴടക്കിയ ഒരേയൊരു ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നു മാഞ്ചസ്റ്റർ സിറ്റിയെയും കീഴടക്കാൻ കഴിയുമെന്നും അതിനു റൊണാൾഡോ സഹായിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോക്ക് മികച്ച റെക്കോർഡാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനും വേണ്ടി പതിനഞ്ചു തവണ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ ഇറങ്ങിയപ്പോൾ അതിൽ ഒമ്പതെണ്ണത്തിലും വിജയം നേടുകയുണ്ടായി. രണ്ടെണ്ണം സമനിലയായപ്പോൾ നാലെണ്ണത്തിൽ റൊണാൾഡോയുടെ ടീം തോൽവി വഴങ്ങി. ഇത്രയും മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. നിലവിലെ മാഞ്ചസ്റ്റർ സിറ്റി യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാണെങ്കിലും എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങളെയും ആരാധകർ വിശ്വസിക്കുന്നു.

റൊണാൾഡോയെ സംബന്ധിച്ച് ശക്തമായൊരു തിരിച്ചു വരവ് അനിവാര്യമായ ഒന്നാണ്. പോർച്ചുഗൽ ടീമിനൊപ്പം മോശം ഫോമിൽ കളിച്ച റൊണാൾഡോ ഇപ്പോൾ സ്വന്തം രാജ്യത്തും വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ലോകകപ്പിൽ പറങ്കികൾ മികച്ച പ്രകടനം നടത്തണമെങ്കിൽ റൊണാൾഡോയെ പുറത്തിരുത്തുന്ന കാര്യം പരിശീലകൻ ആലോചിക്കണമെന്നു വരെ പോർചുഗലിലെ മാധ്യമങ്ങൾ എഴുതിയിരുന്നു. ഈ വിമർശനങ്ങളെ മറികടന്ന് പോർച്ചുഗൽ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ തനിക്ക് കഴിയുമെന്നു തെളിയിക്കേണ്ടത് റൊണാൾഡോയുടെ ആവശ്യമാണ്.