“മെസിയതിനു സഹായിക്കും”- പിഎസ്‌ജി താരം ബാലൺ ഡി ഓർ നേടുമെന്ന് ആരാധകർ

കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളിൽ നിന്നും വളരെയധികം മുന്നോട്ടു പോയ പിഎസ്‌ജിയാണ് ഈ സീസണിൽ കാണാൻ കഴിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളടങ്ങിയ മുന്നേറ്റനിര ഈ സീസണിൽ കൂടുതൽ ഒത്തിണക്കം കാണിക്കാൻ തുടങ്ങിയത് ഫ്രഞ്ചിന്റെ പ്രകടനത്തിൽ വളരെയധികം മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. ഈ താരങ്ങളുടെ മികവിൽ ഈ സീസണിൽ കളിച്ച ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് പിഎസ്‌ജി കുതിച്ചു കൊണ്ടിരിക്കുന്നത്.

പിഎസ്‌ജി മുന്നേറ്റനിരയിൽ നെയ്‌മർ നടത്തുന്ന പ്രകടനമാണ് ആരാധകരിൽ വളരെയധികം ആവേശം നിറക്കുന്നത്. ബാഴ്‌സയിൽ നിന്നും ഫ്രഞ്ച് ക്ലബിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ പല കാരണങ്ങൾ കൊണ്ടും കഴിയാതെ പോയ ബ്രസീലിയൻ താരം കരിയറിലെ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ഈ സീസണിൽ കുറിച്ചിരിക്കുന്നത്. ഇന്നലെ ബ്രെസ്റ്റിനെതിരെ നടന്ന മത്സരത്തിൽ മെസിയുടെ അസിസ്റ്റിൽ നിന്നും ഗോൾ കണ്ടെത്തിയതോടെ സീസണിൽ പത്ത് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് നെയ്‌മർ സ്വന്തമാക്കിയിരിക്കുന്നത്.

മെസി, റൊണാൾഡോ എന്നിവർക്കു ശേഷം ഉറപ്പായും ബാലൺ ഡി ഓർ നേടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു നെയ്‌മറെങ്കിലും പരിക്കുകളും കളിക്കളത്തിലും പുറത്തുമുണ്ടാക്കിയ വിവാദങ്ങളുമെല്ലാം അതിൽ നിന്നും താരത്തെ പുറകോട്ടു കൊണ്ടു പോയി. പലപ്പോഴും വിവാദങ്ങളുടെ പേരിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട നെയ്‌മറെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്റെ പ്രകടനം കൊണ്ട് അതിനു മറുപടി നൽകാൻ താരത്തിന് കഴിഞ്ഞു.

നെയ്‌മർ ഈ പ്രകടനം തുടർന്ന് പിഎസ്‌ജിക്കൊപ്പം കിരീടങ്ങൾ നേടുകയും വരാനിരിക്കുന്ന ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം കുതിപ്പു കാണിക്കുകയും ചെയ്‌താൽ അടുത്ത ബാലൺ ഡി ഓർ താരത്തിനു തന്നെയാണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. നെയ്‌മറുടെ അടുത്ത സുഹൃത്തും സഹതാരവുമായ, ഏഴു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമായുള്ള ലയണൽ മെസി ഈ നേട്ടത്തിലേക്ക് ബ്രസീലിയൻ താരത്തെ എത്തിക്കാൻ സഹായിക്കുമെന്നും ആരാധകർ പറയുന്നു.

കഴിഞ്ഞ സീസണിൽ ഒന്നു പതറിയെങ്കിലും ഈ സീസണിൽ ലയണൽ മെസിയും തന്റെ താളം വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട്. നാല് ഗോളുകൾ നേടിയ താരം ഇതുവരെ ഏഴു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സീസൺ മുന്നോട്ടു പോകുന്തോറും താരം കൂടുതൽ മികവ് കാണിക്കുമെന്ന് ആരാധകർ കരുതുന്നു. അതിനു പുറമെ ഒൻപതു ഗോളുകൾ ഈ സീസണിൽ കുറിച്ച എംബാപ്പയും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തുന്നതിനാൽ ഇത്തവണ യൂറോപ്യൻ കിരീടം പിഎസ്‌ജിക്ക് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.