വമ്പൻ പദ്ധതികളുമായി ചെൽസി, യൂറോപ്പിലാകമാനം ക്ലബുകളെ വാങ്ങിക്കൂട്ടാൻ ഉടമകൾ ഒരുങ്ങുന്നു

റോമൻ അബ്രമോവിച്ചിൽ നിന്നും ടോഡ് ബോഹ്‍ലി ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ സീസണിന്റെ തുടക്കം ചെൽസിയെ സംബന്ധിച്ച് അത്ര സുഖകരമല്ല. മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടിയ ചെൽസി അതേത്തുടർന്ന് പരിശീലകൻ തോമസ് ടുഷെലിനെ പുറത്താക്കി പകരം ബ്രൈറ്റണിൽ നിന്നും ഗ്രഹാം പോട്ടറിനെ ടീമിലെത്തിക്കുകയുണ്ടായി. പോട്ടറിനു കീഴിൽ ആദ്യത്തെ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണിപ്പോൾ ചെൽസി ടീം.

ഇപ്പോൾ ഫോമിൽ ഇടിവ് സംഭവിച്ചെങ്കിലും ടീമിനെ മെച്ചപ്പെടുത്താൻ അണിയറയിൽ വലിയ പദ്ധതികളാണ് ചെൽസി ഉടമകൾ നടത്തുന്നതെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി സൺ വെളിപ്പെടുത്തുന്നത്. ക്ലബിന്റെ മൊത്തം ഘടനയെ തന്നെ അഴിച്ചു പണിയുന്ന പ്രവർത്തനങ്ങൾ നടത്താനൊരുങ്ങുന്ന ചെൽസി അതിനു വേണ്ടി യൂറോപ്പിൽ നിരവധി ചെറിയ ക്ലബുകളെ വാങ്ങാനൊരുങ്ങുകയാണ്. ചെൽസി ടീമിലേക്കു വേണ്ട കഴിവുള്ള താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടിയാണ് ഈ ക്ലബുകളെ ഉപയോഗിക്കുക.

മറ്റു ടീമുകളുടെ ബിസിനസ് മോഡലുകൾ പഠിച്ച് അതിൽ നിന്നും വിലയിരുത്തലുകൾ നടത്തി ക്ലബ്ബിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ബോഹ്‍ലിയും മറ്റു ഡയറക്ടേഴ്‌സും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൗട്ടിങ് മികച്ച രീതിയിൽ നടത്താൻ വേണ്ടി ഫീഡർ ക്ലബുകൾ വാങ്ങാൻ അവർ പദ്ധതിയിട്ടത്. ഇതിൽ നിന്നും ടീമിലേക്കെത്തിക്കുന്ന താരങ്ങളെ ചെൽസി അക്കാദമിയിൽ കൊണ്ടു വന്ന് അവിടെ നിന്നും മറ്റു ക്ലബുകളിലേക്ക് ലോണിൽ വിട്ട് വളർത്തിയെടുക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ആധിപത്യം പുലർത്തുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പാത പിന്തുടർന്നാണ് ചെൽസി ഇതു നടപ്പിലാക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന് ലോകത്തിന്റെ പല ഭാഗത്തും ഫുട്ബോൾ ക്ലബുകൾ സ്വന്തമായുണ്ട്. ഇതുവഴി പ്രതിഭയുള്ള താരങ്ങളെ അവർ റിക്രൂട്ട് ചെയ്യുകയും ടീമിലെത്തിച്ച് വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിലെ ട്രോയെസ്, സ്പെയിനിലെ ജിറോണ, ഇറ്റലിയിലെ പലർമോ, ബെൽജിയത്തിലെ ലോമേൽ എസ്‌കെ എന്നിവരെല്ലാം സിറ്റി ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്ലബുകളാണ്.

ചെൽസി ദീർഘകാലം സുസ്ഥിരതയോടെ തുടരണമെങ്കിൽ ഈ പദ്ധതി കൃത്യമായി പിന്തുടരണമെന്നാണ് ഉടമയായ ടോഡ് ബോഹ്‍ലി ഉറച്ചു വിശ്വസിക്കുന്നത്. ചെൽസിയെ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച ക്ലബാക്കി മാറ്റുകയാണ് അദ്ദേഹം ലക്‌ഷ്യം വെക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ മുൻ ഉടമയായ റോമൻ അബ്രമോവിച്ച് ഉണ്ടാക്കിയതിനേക്കാൾ നേട്ടങ്ങൾ ബോഹ്‍ലിക്ക് നേടാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.