ഗോൾമഴ പെയ്യിച്ച് ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവ്, ഇനി മുന്നിൽ ജീവന്മരണ പോരാട്ടം | Brazil U20
അണ്ടർ 20 ലോകകപ്പിൽ ആദ്യത്തെ മത്സരത്തിലേറ്റ തിരിച്ചടിയെ മറികടന്ന് അതിഗംഭീര തിരിച്ചുവരവുമായി ബ്രസീൽ. ഇറ്റലിയുമായി നടന്ന ആദ്യത്തെ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയ ബ്രസീൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ കീഴടക്കിയാണ് ലോകകപ്പിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്. എട്ടു വർഷത്തിന് ശേഷമാണ് ബ്രസീൽ അണ്ടർ 20 ലോകകപ്പിൽ ആദ്യത്തെ വിജയം നേടുന്നത്.
മത്സരത്തിൽ സമ്പൂർണമായ ആധിപത്യം ബ്രസീലിനു ഉണ്ടായിരുന്നെങ്കിലും അര മണിക്കൂറിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ അതിനു ശേഷം അടുത്തടുത്ത മിനിറ്റുകളിൽ ബ്രസീൽ ഗോൾ കണ്ടെത്തി. മുപ്പത്തിയേഴാം മിനുട്ടിൽ സാവിയോ ബ്രസീലിനായി ആദ്യത്തെ ഗോൾ നേടിയപ്പോൾ അതിനു തൊട്ടടുത്ത മിനുട്ടിൽ മാർക്കോസ് ലിയനാർഡോ രണ്ടാമത്തെ ഗോളും കണ്ടെത്തി. ആദ്യപകുതി ഈ രണ്ടു ഗോളിന്റെ ലീഡിലാണ് ആദ്യപകുതി അവസാനിച്ചത്.
രണ്ടാം പകുതിയുടെ അൻപത്തിയേഴാം മിനുട്ടിൽ ജീൻ പെഡ്രോസോ ബ്രസീലിന്റെ ലീഡ് ഉയർത്തി. അടുത്ത ഗോൾ പിറന്നത് എൺപത്തിരണ്ടാം മിനുട്ടിൽ പകരം ഇറങ്ങിയ ജിയോവാനിയുടെ വകയായിരുന്നു. അതിനു പിന്നാലെ ഡൊമിനിക്കൻ താരം എഡിസൺ അസ്കോണ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയത് ബ്രസീലിനു ഗുണമായി. ഇൻകുരി ടൈമിൽ മാർലോൺ ഗോമസ്, മാത്തേവൂസ് മാർട്ടിൻസ് എന്നിവർ നേടിയ ഗോളിലൂടെ മികച്ച വിജയം ബ്രസീൽ സ്വന്തമാക്കി.
മത്സരത്തിൽ ഗംഭീരവിജയം നേടിയത് ബ്രസീൽ നോക്ക്ഔട്ട് ഉറപ്പിക്കാനുള്ള സാധ്യത വർധിപ്പിച്ചു. അടുത്ത മത്സരത്തിൽ കരുത്തരായ നൈജീരിയയെയാണ് ബ്രസീലിനു നേരിടാനുള്ളത്. അതിൽ വിജയിച്ചാൽ ഗ്രൂപ്പ് ജേതാക്കളായി നോക്ക്ഔട്ടിൽ എത്താൻ അവർക്ക് അവസരമുണ്ട്. അതേസമയം തോറ്റാലും ബ്രസീലിനു വലിയ ഭീഷണിയില്ല. ഗ്രൂപ്പിലെ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് നോക്ക്ഔട്ടിലേക്ക് മുന്നേറാൻ കഴിയുമെന്നിരിക്കെ ആ വഴിക്കും ബ്രസീലിനു നോക്ക്ഔട്ടിലേക്ക് മുന്നേറാം.
Brazil U20 Scored 6 Goals Against Dominical Republic In World Cup