ഹാലൻഡിന്റെ നിഴലിൽ നിന്നും പുറത്തു കടക്കാൻ അൽവാരസിന്‌ അവസരം, ഓഫറുമായി യൂറോപ്യൻ വമ്പന്മാർ | Julian Alvarez

കഴിഞ്ഞ ജനുവരിയിൽ റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ഹൂലിയൻ അൽവാരസ് ഈ സീസണിന്റെ തുടക്കത്തിലാണ് ടീമിനൊപ്പം ചേർന്നത്. അതിനൊപ്പം ഹാലൻഡ് കൂടി ടീമിലെത്തിയതോടെ ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി അൽവാരസ് ഒതുങ്ങുകയുണ്ടായി. എന്നാൽ വെറുമൊരു ബാക്കപ്പ് സ്‌ട്രൈക്കറായി കളിക്കേണ്ട താരമല്ലെന്ന് അവസരം ലഭിക്കുമ്പോഴെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്ന താരം നാല് ഗോളുകൾ നേടി ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിലും പ്രധാന പങ്കാളിയായി.

ഇപ്പോൾ ഒരു ബാക്കപ്പ് സ്‌ട്രൈക്കറിൽ നിന്നും പ്രധാന സ്‌ട്രൈക്കറായി മാറാനുള്ള അവസരം ഹൂലിയൻ അൽവാരസിനെ തേടി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം യൂറോപ്യൻ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് അർജന്റീന സ്‌ട്രൈക്കർക്കായി ശ്രമം നടത്തുന്നത്. ലെവൻഡോസ്‌കി ക്ലബ് വിട്ടതിനു ശേഷം മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ബയേൺ സമ്മർ ജാലകത്തിൽ അത് പരിഹരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ ഹാരി കെയ്ൻ, ഐന്ത്രാഷ്ട്ട് ഫ്രാങ്ക്ഫർട്ട് താരമായ റാൻഡാൽ കൊളോ മുവാനി എന്നിവരും ബയേണിന്റെ ലിസ്റ്റിൽ ഉണ്ടെങ്കിലും അൽവാരസ് ടീമിലെത്താനുള്ള സാധ്യത കൂടുതലാണ്. ഈ സീസണിനു ശേഷം ജർമൻ താരം ജോഷുവ കിമ്മിച്ച് ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നിരിക്കെ താരത്തെ നൽകി അൽവാരസിനെ ബയേൺ സ്വന്തമാക്കിയേക്കും. പെപ് ഗ്വാർഡിയോളക്ക് വളരെയധികം താൽപര്യമുള്ള താരമാണ് കിമ്മിച്ച്.

അൽവാരസിനെ സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും പുറത്തു കടന്ന് സ്ഥിരമായി ആദ്യ ഇലവനിൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ക്ലബിൽ കളിക്കേണ്ടത് അത്യാവശ്യമാണ്. ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം പതിനെട്ടു ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനും താരം തന്നെയാണ്. അതുകൊണ്ടു തന്നെ അവസരങ്ങൾ കൂടുതൽ ലഭിച്ചാൽ യൂറോപ്യൻ ഫുട്ബോളിൽ നിറുകയിലെത്താൻ ഇരുപത്തിമൂന്നുകാരന് കഴിയും.

Bayern Munich Interested In Man City Striker Julian Alvarez