മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വമ്പൻ താരങ്ങളൊഴുകും, സമ്മർ ട്രാൻസ്‌ഫർ ബഡ്‌ജറ്റ്‌ ഞെട്ടിക്കുന്ന തുക | Manchester United

എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം പുതിയൊരു കുതിപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ഒന്നു മിനുക്കി തയ്യാറാക്കിയെടുത്ത അദ്ദേഹം ഈ സീസണിൽ ഒരു കിരീടം സ്വന്തമാക്കി നൽകുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്‌തു. ഇനി എഫ്എ കപ്പ് കിരീടം കൂടി നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരമുണ്ട്. ജൂൺ ആദ്യം നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുമായാണ് ഫൈനൽ പോരാട്ടം.

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ഒന്നുകൂടി മിനുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നുണ്ട്. അതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന പ്രധാന വാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മർ ജാലകത്തിൽ ലഭിക്കുന്ന ട്രാൻസ്‌ഫർ ബഡ്‌ജറ്റിനെ കുറിച്ചുള്ളതായിരുന്നു. അഞ്ഞൂറ് മില്യൺ യൂറോ വരുന്ന സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലെസേഴ്‌സ് ഫാമിലി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കുമെന്നും അതിനു ശേഷം ഖത്തറിൽ നിന്നുള്ള ബിസിനസ്‌മാനായ ഷെയ്ഖ് ജാസിം ക്ലബ്ബിനെ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഏറ്റെടുക്കൽ നടന്നാലാണ് ഇത്രയും വലിയ തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മറിൽ ചിലവഴിക്കാൻ ലഭിക്കുക. ഇത് സംബന്ധിച്ച് നിലവിലെ ഉടമകൾ ഖത്തരികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒരു പ്രതിരോധതാരം, ഒരു ഗോൾകീപ്പർ, ഒരു മധ്യനിര താരം, ഒരു മികച്ച സ്‌ട്രൈക്കർ എന്നിവരാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. ബാഴ്‌സലോണ താരങ്ങളായ റൊണാൾഡ്‌ അറോഹോ, ഫ്രാങ്കി ഡി ജോംഗ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള പ്രധാന താരങ്ങൾ. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് നെയ്‌മറെ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്തായാലും ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു വിപ്ലവമാറ്റം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Manchester United To Get 500 Million Transfer Budget This Summer