ലോകഫുട്ബോളിൽ ഇനി തങ്ങളുടെ കാലമാണെന്ന് തെളിയിച്ച് ബ്രസീലിയൻ യുവനിര, സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ കിരീടം
സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ബ്രസീൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറുഗ്വായെ കീഴടക്കിയാണ് ബ്രസീൽ പന്ത്രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. കിരീടം സ്വന്തമാക്കാൻ യുറുഗ്വായ്ക്ക് സമനില മാത്രം മതിയെന്നിരിക്കെയാണ് ബ്രസീൽ പൊരുതി വിജയം സ്വന്തമാക്കി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടാനും ബ്രസീലിനു കഴിഞ്ഞു.
ചാമ്പ്യൻഷിപ്പിൽ ബ്രസീലിനായി തകർപ്പൻ പ്രകടനം നടത്തി യൂറോപ്പിലെ നിരവധി ക്ലബുകളുടെ നോട്ടപ്പുള്ളിയായി മാറിയ ആന്ദ്രേ സാന്റോസും അതിനു പുറമെ പെഡ്രിന്യോയും ബ്രസീലിനായി ഗോളുകൾ നേടി. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും ബ്രസീൽ പരാജയം അറിഞ്ഞിട്ടില്ല. ടൂർണമെന്റിൽ ആകെ ഒൻപതു മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. അതിൽ രണ്ടെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കി എല്ലാ മത്സരങ്ങളിലും ടീം വിജയം നേടി.
ഗ്രൂപ്പ് എയിൽ അർജന്റീന അടക്കമുള്ള ടീമുകളെ കീഴടക്കിയാണ് ബ്രസീൽ ഒന്നാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിലേക്ക് കയറിയത്. ഫൈനൽ റൗണ്ടിൽ ഇക്വഡോർ, വെനസ്വല, പാരഗ്വായ്, യുറുഗ്വായ് എന്നിവർക്കെതിരെ വിജയം നേടിയ ബ്രസീൽ കൊളംബിയക്കെതിരെ സമനില വഴങ്ങി. ഫൈനൽ റൗണ്ടിൽ ബ്രസീൽ പതിമൂന്നു പോയിന്റ് നേടി കിരീടം സ്വന്തമാക്കിയപ്പോൾ 12 പോയിന്റ് നേടി യുറുഗ്വായ് തൊട്ടു പിന്നിൽ തന്നെയെത്തി.
🇧🇷 Brazil U20 Squad are Crowned South American Champs!!
— Footy Connection (@FootyConMedia) February 13, 2023
12th title for Brazil, from day one we saw the talent this team had. Especially with their captain Andrey Santos.
Conmebol qualifying teams to U20 WC
🇧🇷 Brazil
🇺🇾 Uruguay
🇨🇴 Colombia
🇪🇨 Ecuador #SudamericanoSub20 #U20 pic.twitter.com/3M7ALZw586
അതേസമയം ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ക്ലബ് മത്സരങ്ങൾ നടക്കുന്ന സമയമായതിനാൽ തന്നെ നിരവധി താരങ്ങളെ ക്ലബുകൾ വിട്ടു കൊടുത്തിട്ടില്ല. അതുകൊണ്ടു തന്നെ പല ടീമുകൾക്കും അവരുടെ ഏറ്റവും മികച്ച പ്രകടനം ടൂർണമെന്റിൽ കാഴ്ച വെക്കാനും കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ മൂന്ന് ആഴ്ചക്കിടയിൽ ടീമുകൾ ഒൻപത് മത്സരങ്ങൾ കളിക്കണമെന്നതും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.