മനോഹരമായ ടിക്കി-ടാക്ക ഗോളുമായി പെഡ്രി, ക്ലീൻ ഷീറ്റുകൾ വാരിക്കൂട്ടി ടെർ സ്റ്റീഗൻ; ബാഴ്‌സലോണ കുതിക്കുന്നു

സ്‌പാനിഷ്‌ ലീഗിൽ വിയ്യാറയലിനെതിരെയും വിജയം നേടി ലീഗ് കിരീടപ്പോരാട്ടത്തിൽ ബാഴ്‌സലോണ കുതിക്കുന്നു. ഇന്നലെ വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇതോടെ ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. റയൽ മാഡ്രിഡ് ഒരു മത്സരം കുറവ് കളിച്ചതിനാൽ പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ പെഡ്രിയാണ് ബാഴ്‌സയുടെ വിജയഗോൾ നേടിയത്. അതിമനോഹരമായിരുന്നു താരം നേടിയ ഗോൾ. വിയ്യാറയൽ ടീമിന്റെ ഗോൾകിക്ക് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്‌ത്‌ ബാഴ്‌സലോണ നടത്തിയ പൊടുന്നനെയുള്ള മുന്നേറ്റത്തിൽ നാല് താരങ്ങളുടെ വൺ ടച്ച് പാസുകൾക്ക് ശേഷമാണ് പെഡ്രി ഗോൾ കുറിച്ചത്. ഗോൾ നേടുന്നതിന് തൊട്ടു മുൻപ് താരം ലെവൻഡോസ്‌കിക്ക് നൽകിയ പാസ് വിവരിക്കാൻ പോലും കഴിയാത്തതാണ്.

മത്സരത്തിൽ ക്ലീൻഷീറ്റ് നേടിയതോടെ ഈ സീസണിലെ മികച്ച ഗോകീപ്പർക്കുള്ള സമോറ ട്രോഫി നേടുന്നതിലേക്ക് ടെർ സ്റ്റീഗൻ അടുക്കുകയാണ്. ലീഗിൽ 21 മത്സരം കഴിഞ്ഞപ്പോൾ പതിനാറു മത്സരങ്ങളിലും ഗോൾ വഴങ്ങാത്ത ടെർ സ്റ്റീഗൻ ഇതുവരെ ഏഴു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ലാ ലീഗയിലെ ക്ലീൻ ഷീറ്റുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു ഗോൾകീപ്പർമാർക്ക് വെറും എട്ടു ക്ലീൻ ഷീറ്റുകൾ മാത്രമാണുള്ളതെന്ന് വരുമ്പോഴാണ് ടെർ സ്റ്റീഗന്റെ നേട്ടത്തിനു മാറ്റ് കൂടുന്നത്.

നിലവിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ബാഴ്‌സലോണയെ മറികടക്കാനുള്ള കരുത്ത് അവർക്കുണ്ടെന്നാണ് സാവി പറഞ്ഞത്. അതേസമയം അടുത്ത മത്സരത്തിൽ കടുത്ത പരീക്ഷയാണ് ബാഴ്‌സലോണ നേരിടേണ്ടി വരിക. യൂറോപ്പ ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായാണ് അടുത്ത മത്സരം നടക്കുന്നത്. രണ്ടു ടീമുകളും ഇപ്പോൾ മികച്ച ഫോമിൽ കളിക്കുന്നതിനാൽ വാശിയേറിയ പോരാട്ടം തന്നെയാകും നടക്കുക.