ബ്രസീലിയൻ താരങ്ങൾ ഡ്രസിങ് റൂമിൽ കയർത്തു, പിഎസ്‌ജിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്ത

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുക്കുന്ന പിഎസ്‌ജിയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിൽ ടീമിന്റെ മോശം ഫോം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ പിഎസ്‌ജിയെ പരിക്ക്, ഫിറ്റ്നസ് എന്നിവയുടെ പ്രശ്‌നങ്ങൾ വലക്കുന്നുണ്ട്. അതിനിടയിൽ ടീമിലെ താരങ്ങൾ തമ്മിൽ കഴിഞ്ഞ മത്സരത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങൾ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർക്ക് കൂടുതൽ തലവേദന നൽകുന്നതാണ്.

മൊണോക്കോക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണു പിഎസ്‌ജി നേരിട്ടത്. പരിക്കും വൈറസ് ബാധയും കാരണം ആദ്യ ഇലവനിൽ ഇറങ്ങുന്ന അഞ്ചോളം താരങ്ങൾ ഇല്ലാതിരുന്നത് ടീമിനെ ബാധിച്ചു. പതിനാറ് വയസു മാത്രമുള്ള വാറൻ സെറെ എമറിയെ ആദ്യ ഇലവനിൽ ഇറക്കിയാണ് ഗാൾട്ടിയാർ ടീമിനെ ഇറക്കിയത്. തോൽവിക്ക് ശേഷം ടീമിലെ സൂപ്പർതാരമായ നെയ്മറാണ് സഹതാരങ്ങൾക്ക് നേരെ കയർത്തത്.

മത്സരത്തിൽ വിറ്റിന്യ തനിക്ക് പന്ത് പാസ് ചെയ്യാതിരുന്നതിനു അപ്പോൾ തന്നെ നെയ്‌മർ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് മത്സരത്തിന് ശേഷവും പോർച്ചുഗൽ താരത്തോട് നെയ്‌മർ കയർത്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുന്നേറ്റനിര താരമായ എകിറ്റികെയുടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവില്ലായ്‌മയെയും നെയ്‌മർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പുറമെ പിഎസ്‌ജി താരങ്ങളെ വിമർശിച്ച സ്പോർട്ടിങ് ഡയറക്റ്റർ കാമ്പോസിനെതിരെ മാർക്വിൻയോസും രംഗത്തു വരികയുണ്ടായി.

പിഎസ്‌ജി ഡ്രസിങ് റൂമിലെ പ്രശ്‌നങ്ങൾ മൊണോക്കോ താരങ്ങളെ വരെ ഞെട്ടിച്ചു എന്നാണു എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുന്ന പിഎസ്‌ജിക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല ഈ വാർത്തകൾ. ഈ സീസണിലും ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ ക്ലബിലെ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമായി മാറുമെന്നുറപ്പാണ്. പരിശീലകൻ ഗാൾട്ടിയാരുടെ സ്ഥാനം തെറിക്കാനും സാധ്യതയുണ്ട്.