ഈ തോൽവികൾക്കു പിന്നാലെ വരാൻ പോകുന്നത് വമ്പൻ വിജയങ്ങൾ, ബ്രസീലിന്റെ സുവർണകാലം വരുമെന്ന സൂചനകൾ നൽകി ബ്രസീൽ എഫ്എ പ്രസിഡന്റ്

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയോടെയെത്തി ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു ബ്രസീൽ. ലാറ്റിനമേരിക്കയിൽ ബ്രസീലിന്റെ പ്രധാന എതിരാളികളായ അർജന്റീന കിരീടം കൂടി നേടിയതോടെ ആരാധകർ ടീമിന്റെ മോശം പ്രകടനത്തിൽ വിമർശനവുമായി രംഗത്തെത്തി. അതിനു പിന്നാലെയാണ് മൊറോക്കോക്കെതിരെ ഇന്ന് പുലർച്ചെ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീൽ തോൽവിയേറ്റു വാങ്ങിയത്.

ബ്രസീൽ ടീമിനെ മൊത്തത്തിൽ അഴിച്ചു പണിത് പുതിയൊരു മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു വേണ്ടി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെ എത്തിക്കാനാണ് ബ്രസീലിയൻ എഫ്എ ഒരുങ്ങുന്നത്. നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയുടെ പേരാണ് ഇതിൽ ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ ദിവസം ബ്രസീലിയൻ എഫ്എ പ്രസിഡന്റും ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.

ഇറ്റാലിയൻ പരിശീലകനെയും അദ്ദേഹത്തിന്റെ രീതികളെയും തനിക്ക് വളരെ ഇഷ്ടമാണെന്നാണ് എഡ്നാൾഡോ റോഡ്രിഗസ് പറയുന്നത്. നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനായ അദ്ദേഹം ഇനിയും നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീൽ ടീമിലെ കളിക്കാർക്കും ആരാധകർക്കും അദ്ദേഹം വരണമെന്നാണ് ആഗ്രഹമെന്നും റോഡ്രിഗസ് പറഞ്ഞു. ആൻസലോട്ടിയെ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രസീലിയൻ എഫ്എ പ്രസിഡന്റിന്റെ വാക്കുകൾ ആൻസലോട്ടി എത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ്. ലോകഫുട്ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞരിൽ ഒരാളായ ആൻസലോട്ടി ആദ്യമായി ഒരു ദേശീയ ടീമിന്റെ പ്രധാന പരിശീലകനാകുമ്പോൾ തന്റെ എല്ലാം നൽകുമെന്ന് ഉറപ്പാണ്. ഇത് ബ്രസീലിനു ആധിപത്യം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു. അതേസമയം ബ്രസീലിലേക്ക് വരുമെന്ന കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണവും ആൻസലോട്ടി നടത്തിയിട്ടില്ല.