ലോകകപ്പിലെ നിരാശ മറക്കാം, റൊണാൾഡോയുടെ അഴിഞ്ഞാട്ടം വീണ്ടും; ഗോൾമഴ പെയ്യിച്ച് പോർച്ചുഗൽ

യൂറോ കപ്പ് യോഗ്യതക്കുള്ള രണ്ടാമത്തെ മത്സരത്തിലും വമ്പൻ വിജയവുമായി പോർച്ചുഗൽ. നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ രണ്ടാമത്തെ കളിയിലും ഇരട്ടഗോൾ കണ്ടെത്തിയപ്പോൾ എതിരില്ലാത്ത ആറു ഗോളുകൾക്ക് ലക്‌സംബർഗിനെയാണ് പോർച്ചുഗൽ കീഴടക്കിയത്. പോർച്ചുഗൽ ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത റോബർട്ടോ മാർട്ടിനസിനെ സംബന്ധിച്ച് മികച്ച തുടക്കമാണ് ടീമിനൊപ്പം ലഭിച്ചത്.

മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ ടീമിന്റെ ആദ്യത്തെ ഷോട്ട് തന്നെ വലയിൽ എത്തിച്ച് റൊണാൾഡോയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. നുനോ മെൻഡസ് നൽകിയ ഹെഡർ പാസ് ഒന്നു തൊട്ടു കൊടുക്കുകയെ താരത്തിന് വേണ്ടി വന്നുള്ളൂ. അതിനു ശേഷം മുപ്പത്തിയൊന്നാം മിനുറ്റിൽ തന്നെ നാല് ഗോളുകൾ പോർച്ചുഗൽ നേടി. ജോവോ ഫെലിക്‌സ്, ബെർണാർഡോ സിൽവ എന്നിവർക്കൊപ്പം റൊണാൾഡോ ഒരു ഗോൾ കൂടി നേടിയതോടെ ഹാഫ് ടൈമിൽ തന്നെ പോർച്ചുഗൽ നാല് ഗോളിന് മുന്നിലെത്തി.

മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ റൊണാൾഡോയെ സംബ്സ്റ്റിറ്റയൂട്ട് ചെയ്‌തില്ലായിരുന്നെങ്കിൽ താരം ഹാട്രിക്ക് നെടുമായിരുന്നു എന്നുറപ്പാണ്. റൊണാൾഡോ പോയതിനു ശേഷവും പോർച്ചുഗൽ ഗോളടി തുടർന്നു. എഴുപത്തിയേഴാം മിനുട്ടിൽ ഒറ്റാവിയോയാണ് പോർച്ചുഗലിന്റെ അഞ്ചാമത്തെ ഗോൾ നേടിയത്. അതിനു ശേഷം ലഭിച്ച പെനാൽറ്റി റാഫേൽ ലിയാവോ നഷ്‌ടമാക്കി. എന്നാൽ മൂന്ന് മിനിറ്റിനകം തന്നെ ഗോൾ നേടി താരം അതിനു പ്രായശ്ചിത്തവും ചെയ്‌തു.

കഴിഞ്ഞ രണ്ടു മത്സരത്തിൽ പത്ത് ഗോളുകൾ അടിച്ചു കൂട്ടിയ പോർച്ചുഗൽ ടീമിന് വേണ്ടി നാല് ഗോളുകളും റൊണാൾഡോയാണ് നേടിയത്. നിലവിൽ 122 ഗോളുകൾ നേടി ഇന്റർനാഷണൽ ഗോൾവേട്ടക്കാരിൽ താരമാണ് മുന്നിൽ നിൽക്കുന്നത്. കരിയർ ഗോളുകളുടെ എണ്ണത്തിലും റൊണാൾഡോ തന്നെയാണ് മുന്നിൽ. ലക്‌സംബർഗുമായി പതിനൊന്നു മത്സരങ്ങൾ കളിച്ച് പതിനൊന്നു ഗോളുകൾ നേടിയ റൊണാൾഡോ ആദ്യമായാണ് ഒരു ദേശീയ ടീമിനെതിരെ പത്തിലധികം ഗോളുകൾ നേടുന്നത്.