ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ റൊണാൾഡോ സെലിബ്രെഷൻ, ഒപ്പം ചേർന്ന് കാണികൾ

ഒരു കാലത്ത് ബാഴ്‌സലോണയുടെ പ്രധാന എതിരാളിയായിരുന്നു പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന സമയത്ത് നിരവധി തവണ താരം ബാഴ്‌സലോണക്കെതിരെ ഇറങ്ങുകയും ഗംഭീരപ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. ലയണൽ മെസിയുമായുള്ള താരത്തിന്റെ മത്സരം അതിനു കൂടുതൽ ആവേശം നൽകുകയുമുണ്ടായി. ആ സമയത്തെ എൽ ക്ലാസിക്കോ മത്സരങ്ങൾ ലോകം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ഒന്നായിരുന്നു.

മെസിയുടെ സ്വന്തം മൈതാനമായി ക്യാമ്പ് നൂവിനെ കണക്കാക്കാൻ കഴിയുമെങ്കിലും കഴിഞ്ഞ ദിവസം തന്റെ സ്വാധീനം എന്താണെന്ന് റൊണാൾഡോ അവിടെയും കാണിച്ചു. പിക്വയുടെ പുതിയ സംരംഭമായ കിങ്‌സ് ലീഗ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വന്തം സെലിബ്രെഷൻ ആയ “സിയൂ” ക്യാംപ് ന്യൂവിൽ അരങ്ങേറുകയും അവിടെയെത്തിച്ചേർന്ന കാണികൾ അതിനു വലിയ രീതിയിൽ പിന്തുണ നൽകുകയും ചെയ്‌തു.

ഡിജെ മരിയോ എന്ന സെലിബ്രിറ്റിയാണ് റൊണാൾഡോയെ ക്യാമ്പ് ന്യൂവിൽ എത്തിച്ചത്. ഫാൻസി ഫുട്ബോൾ ടൂർണമെന്റായ കിങ്‌സ് കപ്പ് ഫൈനലിനിടെ ഡിജെ മരിയോ ഒരു പെനാൽറ്റി എടുത്തിരുന്നു. അത് ഗോളാക്കി മാറ്റിയതിന്റെ ആഘോഷം നടത്തുമ്പോഴാണ് അദ്ദേഹം റൊണാൾഡോ സെലിബ്രെഷൻ നടത്തിയത്. അത് നടത്തിയ സമയത്ത് ക്യാമ്പ് ന്യൂവിലെ കാണികൾ മുഴുവൻ “സിയൂ” എന്ന ശബ്‌ദം ഉണ്ടാക്കിയാണ് അതിനെ വരവേറ്റത്.

ജെറാർഡ് പിക്വയുടെ പുതിയ സംരംഭമാണ് കിങ്‌സ് ലീഗ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് അതിനൊപ്പം ആളുകളെ രസിപ്പിക്കുക എന്നതു കൂടിയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി നടത്തിയ ടൂർണമെന്റ് തന്നെ വലിയ വിജയമാണ് സൃഷ്‌ടിച്ചത്‌. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ ക്യാമ്പ് ന്യൂ സ്റ്റേഡിയം മുഴുവനും ആരാധകരാൽ നിറഞ്ഞിരുന്നു.