വമ്പന്മാരെ തളച്ചതൊരു മുന്നറിയിപ്പാണ്, അർജന്റീനക്ക് ആദ്യമത്സരം തന്നെ വെല്ലുവിളി | Argentina
കോപ്പ അമേരിക്ക ടൂർണമെന്റിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന അർജന്റീന ടീം കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ തയ്യാറെടുപ്പുകളുടെ ഭാഗമായി സൗഹൃദമത്സരം കളിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്തു. ഡി മരിയ നേടിയ ഒരേയൊരു ഗോളിൽ മത്സരം വിജയിച്ച അർജന്റീന അടുത്ത സൗഹൃദ മത്സരത്തിൽ ഗ്വാട്ടിമാലയെ നേരിടാനൊരുങ്ങുകയാണ്.
ഇക്വഡോറിനെതിരെ നേടിയ വിജയം കോപ്പ അമേരിക്ക ആരംഭിക്കുമ്പോൾ അർജന്റീനക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണെങ്കിലും ടൂർണമെന്റിൽ അർജന്റീനക്ക് ആദ്യത്തെ മത്സരം മുതൽ വെല്ലുവിളി ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിനെതിരെ കാനഡ സമനില നേടിയെടുത്തതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.
How's the #CanMNT feeling now for the 2024 Copa America vs. Argentina?
KJ 🗣️ "Canada have just played France and legitimately got a draw where they weren't holding on; they went out there and played their own football. Their confidence is soaring right now – and it should be!" pic.twitter.com/tPvj9ZBmGy
— OneSoccer (@onesoccer) June 10, 2024
വമ്പൻ താരങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെ ഗോൾരഹിത സമനിലയിലാണ് കാനഡ തളച്ചത്. ജൂൺ ഇരുപത്തിയൊന്നിന് അർജന്റീന കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരം കളിക്കേണ്ടത് കാനഡയോടാണ്. അൽഫോൻസോ ഡേവീസ്, ജോനാഥൻ ഡേവിഡ് തുടങ്ങിയ താരങ്ങളുള്ള കാനഡക്കെതിരെ വിജയിക്കാൻ അർജന്റീന മികച്ച പോരാട്ടം തന്നെ നടത്തേണ്ടി വരുമെന്നുറപ്പാണ്.
പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കോപ്പ അമേരിക്ക കോൺകാഫ് മേഖലയിലുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് നടക്കുന്നത്. മെക്സിക്കോ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഇക്കാരണം കൊണ്ടാണ്. കാനഡയുമായുള്ള ആദ്യത്തെ മത്സരം കഴിഞ്ഞാൽ ചിലി, പെറു തുടങ്ങിയ ടീമുകളെയാണ് അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത്.
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെ വിറപ്പിച്ചാണ് ഫ്രാൻസ് കീഴടങ്ങിയത്. ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീം യൂറോ കപ്പിലും കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള സ്ക്വാഡാണ്. അങ്ങിനെയുള്ള ഫ്രാൻസിനെ തളച്ചിടാൻ കഴിഞ്ഞ കാനഡക്കെതിരെ അർജന്റീനക്ക് വിജയം ഒരിക്കലും എളുപ്പമാകില്ല.