ലോകഫുട്ബോൾ ഭരിക്കാൻ ബ്രസീൽ, ആൻസലോട്ടി കാനറിപ്പടയുടെ പരിശീലകനാവുമ്പോൾ
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി ബ്രസീൽ പുറത്തു പോയതിനു ശേഷം പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ ഫുട്ബോൾ ടീം തയ്യാറായിട്ടില്ല. എന്നാൽ ഏറ്റവും മികച്ച പരിശീലകനെ തന്നെ ടീം മാനേജരായി നിയമിക്കാൻ വേണ്ടിയാണ് ബ്രസീൽ കാത്തിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ സമ്മതം മൂളിയിട്ടുണ്ട്. ഖത്തർ ലോകകപ്പിന് ശേഷം തന്നെ ബ്രസീൽ നോട്ടമിടുന്നവരിൽ ആൻസലോട്ടി ഉണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇപ്പോൾ ഇറ്റാലിയൻ പരിശീലകൻ അതിനു വാക്കാൽ സമ്മതം മൂളിയെന്നും ജൂൺ 2023 മുതൽ അടുത്ത ലോകകപ്പ് വരെ ടീമിന്റെ പരിശീലകനാവാൻ കരാർ നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തിന്റെ അവസാനം ബ്രസീലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ കുറിച്ച് ആൻസലോട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹമത് നിരസിക്കുകയാണ് ചെയ്തത്. എന്നാലിപ്പോൾ ആൻസലോട്ടിയുടെ തീരുമാനങ്ങളിൽ മാറ്റമുണ്ടായെന്നും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനോസ് സംസാരിച്ചാണ് ബ്രസീലിനോട് യെസ് പറഞ്ഞതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024 വരെ റയൽ മാഡ്രിഡ് കരാറുള്ള ആൻസലോട്ടി അതു വരെ തുടരില്ലെന്നുമാണ് ഇതിനർത്ഥം.
BREAKING: According to ESPN Brazil, Carlo Ancelotti has agreed to be the coach of the Brazilian National team this summer until June 2026, after the World Cup 🤯🇧🇷 pic.twitter.com/bPEOp1dMqB
— Italian Football TV (@IFTVofficial) February 10, 2023
സമകാലീന ഫുട്ബോളിലെ ഏറ്റവും പ്രയോഗികവാദിയായ പരിശീലകരിൽ ഒരാളാണ് കാർലോ ആൻസലോട്ടി. യൂറോപ്പിലെ എല്ലാ പ്രധാന ലീഗ് കിരീടവും സ്വന്തമാക്കിയ പരിശീലകനെന്ന നേട്ടം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ അദ്ദേഹം ബ്രസീൽ ടീമിലേക്കെത്തിയാൽ അത് വീണ്ടും ബ്രസീലിന്റെ സുവർണകാലത്തെ മടക്കി കൊണ്ടു വരുമെന്നതിൽ സംശയമില്ല. ബ്രസീലിനു വേണ്ടതും ഇതുപോലെ മികച്ച പരിചയസമ്പത്തും താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും അറിയാവുന്ന യൂറോപ്യൻ പരിശീലകനെ തന്നെയാണ്.
നിരവധി ബ്രസീലിയൻ താരങ്ങളെ പരിശീലിപ്പിച്ച് ആൻസലോട്ടിക്ക് പരിചയവുമുണ്ട്. കസമീറോ, വിനീഷ്യസ്, റോഡ്രിഗോ, മിലിറ്റാവോ, റിച്ചാർലിസൺ എന്നിവരെല്ലാം ആൻസലോട്ടിക്ക് കീഴിൽ കളിച്ചിട്ടുള്ളവരാണ്. ബ്രസീൽ പോലെ പ്രതിഭയുള്ള ഒരു രാജ്യത്ത് നിന്നും തന്റെ പദ്ധതിക്ക് വേണ്ട താരങ്ങളെ തിരഞ്ഞെടുക്കാൻ ആൻസലോട്ടി അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ആൻസലോട്ടി ആദ്യമായി ദേശീയ ടീമിന്റെ പരിശീലകനാവുന്നതിനാൽ തന്റെ ഏറ്റവും മികച്ചത് അദ്ദേഹം നൽകുകയും ചെയ്യും.