അവിശ്വസനീയ കരാർ, ട്രാൻസ്‌ഫർ റെക്കോർഡുകൾ തകർത്ത് എൻസോ ഫെർണാണ്ടസ് ചെൽസിയിലെത്തി

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്ന താരത്തെ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം സ്വന്തമാക്കി ചെൽസി. ബെൻഫിക്കയുടെ അർജന്റീനിയൻ മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെയാണ് ചെൽസി സ്വന്തമാക്കിയത്. താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ഒരിക്കൽ പരാജയപ്പെട്ടതാണെങ്കിലും വിട്ടുകളയാൻ ചെൽസി തയ്യാറല്ലായിരുന്നു.

റിലീസിംഗ് ക്ലോസായ 106 മില്യൺ പൗണ്ട് നൽകിയാണ് ചെൽസി എൻസോയെ സ്വന്തമാക്കിയത്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറെന്ന റെക്കോർഡ് അർജന്റീന താരം സ്വന്തമാക്കി. എട്ടര വർഷത്തേക്കാണ് ചെൽസിയുമായി എൻസോ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇത്രയും ദീർഘകാലത്തേക്കുള്ള കരാർ ഒപ്പിട്ടതോടെ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങളെ കബളിപ്പിക്കാൻ ചെൽസിക്ക് കഴിയും.

നേരത്തെ തന്നെ ചെൽസി എൻസോയെ സ്വന്തമാക്കാൻ ഒരുങ്ങിയതാണ്. ട്രാൻസ്ഫറിന് തൊട്ടരികിൽ എത്തിയെങ്കിലും ഫീസ് സംബന്ധമായ ധാരണപ്പിശകുണ്ടായി അത് നടക്കാതെ പോയി. റിലീസിംഗ് ക്ലോസായ തുക മുഴുവൻ ഒറ്റതവണയായി നൽകണം എന്നായിരുന്നു ബെൻഫിക്ക ആവശ്യപ്പെട്ടത്. എന്നാൽ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങളെ മറികടക്കാൻ മൂന്നു തവണയായി നൽകാമെന്ന് ചെൽസി അറിയിച്ചു. ഇതോടെ ബെൻഫിക്ക ട്രാൻസ്‌ഫറിൽ നിന്നും പിൻവാങ്ങി.

എൻസോ ഫെർണാണ്ടസിന്റെ സ്വന്തമാക്കിയതോടെ ചെൽസി മറ്റൊരു ടീമായി മാറാനുള്ള സാധ്യതയുണ്ട്. ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയ എൻസോ അസാമാന്യ കഴിവുകളുള്ള താരമാണ്. നിലവിൽ ചെൽസി പതറുകയാണെങ്കിലും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള പോരാട്ടങ്ങളിൽ അവർക്ക് പ്രതീക്ഷ വെക്കാം. ജനുവരിയിൽ ചെൽസി നടത്തിയ എട്ടാമത്തെ സൈനിങ്‌ കൂടിയാണ് എൻസോ ഫെർണാണ്ടസ്.