ക്ലബുകൾ തമ്മിൽ ധാരണയായിട്ടും സിയച്ചിന് പിഎസ്‌ജിയിലെത്താൻ കഴിഞ്ഞില്ല

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നടക്കുമെന്നുറപ്പിച്ച ട്രാൻസ്‌ഫർ ആയിരുന്നു മൊറോക്കൻ താരമായ ഹക്കിം സിയച്ചിന്റേത്. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ താരം ക്ലബ് വിടാനും പിഎസ്‌ജിയിലേക്ക് ചേക്കേറാനും ഒരുക്കമായിരുന്നു. ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ക്ലബുകൾ തമ്മിലും ധാരണയിൽ എത്തിയതായിരുന്നു. എന്നാൽ അവസാനനിമിഷത്തിൽ അതു നടക്കാതെ വന്നു.

റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പേപ്പർവർക്കുകൾ കൃത്യമായി നടക്കാതിരുന്നതാണ് സിയാച്ചിൻറെ കാര്യത്തിൽ തിരിച്ചടി നൽകിയത്. രണ്ടു ക്ലബുകളും തമ്മിൽ കരാറിൽ എത്തിയെങ്കിലും ഈ കോൺട്രാക്റ്റുകൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി അയച്ച സമയം വൈകിപ്പോയി. ഇതോടെ കരാർ നിലനിൽക്കില്ലെന്ന സാഹചര്യം വരികയായിരുന്നു.

ട്രാൻസ്‌ഫർ നടക്കാതെ വന്നതോടെ ക്ലബുകൾ എൽഎഫ്‌പിയെ ബന്ധപ്പെട്ട് അപ്പീൽ നൽകിയിരുന്നു. ഇക്കാര്യത്തിൽ ഉടനെ തന്നെ തീരുമാനം ഉണ്ടാകുമെങ്കിലും അത് ട്രാൻസ്ഫറിന് അനുകൂലമായി വരാനുള്ള സാധ്യത കുറവാണ്. റിപ്പോർട്ടുകൾ പ്രകാരം താരം ചെൽസിയിൽ തന്നെ ഈ സീസണിൽ തുടർന്നേക്കും. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അതിനു വിപരീതമായി എന്തെങ്കിലും സംഭവിക്കൂ.

ട്രാൻസ്‌ഫർ നടക്കാതിരുന്നത് സിയാച്ചിനെ സംബന്ധിച്ചും പിഎസ്‌ജിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്. ചെൽസിയിൽ താരത്തിന് അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പിഎസ്‌ജിയിലേക്ക് ചേക്കേറി ഈ സീസണിൽ വീണ്ടും സജീവമായി കളിക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. മെസി, നെയ്‌മർ, എംബാപ്പെ എന്നിവർക്കൊപ്പം ഇറങ്ങാനുള്ള അവസരവും നഷ്‌ടമായി.