ഗാവിയെ സീസണിനു ശേഷം നഷ്‌ടപ്പെടും, ബാഴ്‌സക്ക് ആശങ്കപ്പെടുത്തുന്ന വാർത്ത

ബാഴ്‌സലോണ മധ്യനിര താരമായ ഗാവിയെ ഫസ്റ്റ് ടീം പ്ലേയേറായി രജിസ്റ്റർ ചെയ്യാൻ ലാ ലിഗ അനുവദിച്ചിരുന്നില്ല. ലാ ലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ കൃത്യമായി പാലിച്ച് മുന്നോട്ടു പോകാത്തതു കൊണ്ടാണ് ഗാവിയുടെ രെജിസ്ട്രേഷനെ അവർ തടഞ്ഞത്. വരുമാനത്തിൽ ഇരുനൂറു മില്യൺ യൂറോയുടെ കുറവുള്ളത് നികത്തിയാൽ മാത്രമേ ഗാവിയെ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് നിലപാടിൽ അവർ ഉറച്ചു നിന്നു.

എന്നാൽ ഇതിനെതിരെ ബാഴ്‌സലോണ കോടതിയിൽ പോവുകയും അവിടെ നിന്നും താൽക്കാലികമായ സ്റ്റേ വാങ്ങുകയും ചെയ്‌തു. ഇതിനെത്തുടർന്ന് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനദിവസങ്ങളിൽ ഗാവി രജിസ്റ്റർ ചെയ്യപ്പെട്ടു. അതിനു ശേഷം ലാ ലിഗയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ വന്ന താരത്തിന്റെ ചിത്രം പിന്നീട് അപ്രത്യക്ഷമായി പോവുകയും അതിനു ശേഷം വീണ്ടും വരികയും ചെയ്‌തു.

താൽക്കാലികമായി നിയമപരമായ പോരാട്ടത്തിൽ ബാഴ്‌സലോണ വിജയം നേടിയെങ്കിലും ലാ ലിഗ അതിനെ മറികടക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. അങ്ങിനെ സംഭവിച്ചാൽ ഗാവിയെ നഷ്‌ടമാകുന്നതിലേക്കാവും ക്ലബ് എത്തുക. സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ടീമിൽ രജിസ്റ്റർ ചെയ്‌താൽ മാത്രമേ ഗാവിയുടെ കരാർ നിലയിൽ വരൂ. രജിസ്റ്റർ ചെയ്യാൻ ലാ ലീഗ അനുവദിച്ചില്ലെങ്കിൽ താരം ഫ്രീ ഏജന്റായി മാറും.

സാമ്പത്തിക പ്രതിസന്ധികളിലൂടെ തന്നെയാണ് ബാഴ്‌സലോണ ഇപ്പോഴും കടന്നു പോകുന്നത്. ലാ ലിഗയാണെങ്കിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കൊണ്ട് ലീഗിലെ എല്ലാ ക്ലബുകളെയും വരിഞ്ഞു മുറുക്കാൻ പരമാവധി ശ്രമം നടത്തുന്നുണ്ട്. അങ്ങിനെ ഗാവിയെ നഷ്‌ടമായാൽ അത് ക്ലബ്ബിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാകും. പതിനെട്ടാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി പേരെടുത്ത താരമാണ് ഗാവി.