പെനാൽറ്റികളും ഓപ്പൺ ചാൻസും നഷ്‌ടമാക്കി എംബാപ്പെ, ഗോളുമായി ലയണൽ മെസി

മോണ്ട്പെല്ലിയറിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജിക്ക് വിജയം. എതിരാളികളുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് പിഎസ്‌ജി വിജയിച്ചത്. പിഎസ്‌ജിക്കു വേണ്ടി ലയണൽ മെസി ഒരു ഗോൾ നേടിയപ്പോൾ ഫാബിയാൻ റൂയിസ്, വാറൻ സെറെ എമേറി എന്നിവരാണ് മറ്റു ഗോളുകൾ സ്വന്തമാക്കിയത്. മോണ്ട്പെല്ലിയറിന്റെ ഗോൾ അർനോഡ് നോർഡിന്റെ വകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി എംബാപ്പെ തുലച്ചിരുന്നു. ആദ്യം കിക്കെടുത്ത താരം അത് നഷ്‌ടമാക്കിയെങ്കിലും മോണ്ട്പെല്ലിയർ താരങ്ങൾ ബോക്സിലേക്ക് കയറിയെന്ന കാരണത്താൽ റഫറി അത് വീണ്ടുമെടുക്കാൻ അനുവദിച്ചു. എന്നാൽ രണ്ടാമതെടുത്ത താരത്തിന്റെ പെനാൽറ്റി ഗോൾകീപ്പറുടെ കയ്യിലും പോസ്റ്റിലുമടിച്ച് പുറത്തേക്ക് വന്നു. അതിന്റെ റീബൗണ്ട് അനായാസം ഉള്ളിലാക്കാനും എംബാപ്പെക്ക് കഴിയുമായിരുന്നെങ്കിലും അതും താരം നഷ്‌ടമാക്കി.

കുറച്ചു നേരത്തിനു ശേഷം തന്നെ എംബാപ്പെ പരിക്കേറ്റു മടങ്ങുകയും ചെയ്‌തു. ആദ്യപകുതിയിൽ മെസി ഒരു ഗോൾ നേടിയെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയിലാണ് മൂന്നു ഗോളും പിറക്കുന്നത്. എംബാപ്പെക്ക് പകരമിറങ്ങിയ എകിറ്റിക്കെ നൽകിയ പാസിൽ റൂയിസ് ഗോൾ ആദ്യഗോൾ നേടിയപ്പോൾ റൂയിസിന്റെ മനോഹരമായ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോൾ. അതിനു ശേഷം പതിനാറു വയസ് മാത്രമുള്ള വെയറാണ് സൈറ എമാരി പിഎസ്‌ജിയുടെ മൂന്നാം ഗോളും നേടി.

മത്സരത്തിൽ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗ് പോയിന്റ് ടേബിളിലെ നില പിഎസ്‌ജി സ്വൽപം ഭദ്രമാക്കിയിട്ടുണ്ട്. നിലവിൽ ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും അൻപത്തിയൊന്നു പോയിന്റുമായി പിഎസ്‌ജി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി മാഴ്‌സ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഒരു പോയിന്റ് പിന്നിൽ ലെൻസ് മൂന്നാം സ്ഥാനത്തുമുണ്ട്.