“മെസിയെ കണ്ടെങ്കിലും അവസരം ഉപയോഗിക്കാനാണ് തോന്നിയത്”- പിഎസ്‌ജിയുടെ മൂന്നാം ഗോൾ നേടിയ താരം പറയുന്നു

മോണ്ട്പെല്ലിയറിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. നെയ്‌മർ ഇല്ലാതെ കളത്തിലിറങ്ങിയ പിഎസ്‌ജിക്ക് ഇരുപതാം മിനുട്ടിൽ തന്നെ പരിക്കേറ്റ എംബാപ്പെയെയും നഷ്‌ടമായെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ വിജയം നേടി. ഫാബിയൻ റൂയിസ് ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ മത്സരത്തിൽ മെസിയും വാറൻ സെറെ എമറിയുമാണ് പിഎസ്‌ജിയുടെ മറ്റു ഗോളുകൾ നേടിയത്.

മത്സരത്തിൽ പകരക്കാരനായിറങ്ങി പിഎസ്‌ജിയുടെ അവസാനത്തെ ഗോൾ ഇഞ്ചുറി ടൈമിൽ നേടിയ ഫ്രഞ്ച് താരമായ വാറൻ സെറെ എമറിക്ക് വെറും പതിനാറു വയസ് മാത്രമാണ് പ്രായം. ഹക്കിമിയിൽ നിന്നും പന്ത് സ്വീകരിച്ച താരം വലതു വിങ്ങിലൂടെ വേഗത്തിൽ മുന്നേറി ബോക്‌സിലെത്തി. മെസിയടക്കമുള്ള താരങ്ങൾ ഫ്രീയായി നിന്നിരുന്നെങ്കിലും നേരിട്ട് ഷൂട്ടെടുത്ത താരം വല കുലുക്കി പിഎസ്‌ജിയുടെ വിജയം ഒന്നുകൂടി മികച്ചതാക്കി. പിഎസ്‌ജിക്കു വേണ്ടി ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമറി.

മത്സരത്തിനു ശേഷം തന്റെ ഗോളിനെക്കുറിച്ച് താരം സംസാരിക്കുകയുണ്ടായി. “ഇത് ലീഗിലെ എന്റെ ആദ്യത്തെ ഗോളാണ്, അവിശ്വസനീയമായിരുന്നു ആ അനുഭവം. ഇനിയും ഗോളുകൾ നേടാൻ കഴിയുമെന്ന് കരുതുന്നു, ഞാൻ സന്തോഷവാനാണ്. ഞാൻ മെസിയെ കണ്ടെങ്കിലും ഷൂട്ട് ചെയ്യുകയാണ് നല്ലതെന്ന് തോന്നിയതു കൊണ്ട് അവസരം ഉപയോഗിച്ചു. ആദ്യഗോൾ ഞാൻ മെസിക്കൊപ്പമാണ് ആഘോഷിച്ചത്. വിശ്വസിക്കാൻ കഴിയുന്നില്ല.” താരം മത്സരത്തിനു ശേഷം പറഞ്ഞു.

പതിനാറുകാരനായ മധ്യനിര താരമായ വാറൻ സെറെ എമേറി ഈ സീസണിൽ പിഎസ്‌ജിക്കായി കളത്തിലിറങ്ങുന്ന പതിനൊന്നാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ഗോൾ നേടി കൂടുതൽ കഴിവ് തെളിയിച്ചതോടെ താരത്തിന് ഇനിയും അവസരങ്ങൾ ലഭിക്കുമെന്നുറപ്പാണ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി ഒരു താരത്തെയും സ്വന്തമാക്കിയിട്ടില്ലെന്നരിക്കെ യുവതാരങ്ങളെ അവർക്ക് കൂടുതൽ ആശ്രയിക്കേണ്ടി വരികയും ചെയ്യും.