മെസിയുടെ ഓട്ടോഗ്രാഫ് വാങ്ങി പണി പോയി, ജോലിയെക്കാൾ വിലപ്പെട്ടതെന്ന് കൊളംബിയൻ സ്വദേശി | Messi

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസിയുടെ വരവ് ആഘോഷിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. ലയണൽ മെസി കളിക്കുന്ന ഓരോ മത്സരങ്ങളുടെയും ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ ഉയരുകയും മിനുറ്റുകൾക്കകം വിറ്റഴിയുകയും ചെയ്യുന്നു. അതിനു പുറമെ സെലിബ്രിറ്റികൾ അടക്കമുള്ളവർ മെസിയെയും ഇന്റർ മിയാമിക്കു വേണ്ടിയുള്ള മെസിയുടെ പ്രകടനത്തെയും കാണാനെത്തുകയും ചെയ്യുന്നു.

അതിനിടയിൽ ലയണൽ മെസിയുടെ ഓട്ടോഗ്രാഫ് വാങ്ങിയതിന് ഇന്റർ മിയാമി സ്റ്റേഡിയത്തിലെ ഒരു ശുചീകരണത്തൊഴിലാളിക്ക് തന്റെ ജോലി നഷ്‌ടമായെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. കൊളംബിയൻ സ്വദേശിയായ ക്രിസ്റ്റ്യൻ സലാമാങ്കയുടെ ജോലിയാണ് പോയത്. നിരവധി സ്പോർട്ട്സ്, മ്യൂസിക്ക് ഇവന്റുകളുടെ ക്ലീനിങ് ജോലികൾ ചെയ്യുന്ന ഒരു കമ്പനിയിലാണ് സലാമാങ്ക ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അദ്ദേഹത്തിന് ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിലായിരുന്നു ജോലി.

ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം ക്ലീൻ ചെയ്യാൻ നിയോഗിക്കപ്പെട്ട വ്യക്തിയായതിനാൽ ലയണൽ മെസി മത്സരത്തിനായി വന്ന സമയത്ത് സലാമാങ്ക അവിടെയുണ്ടായിരുന്നു. ഉടനെ തന്നെ അദ്ദേഹം മെസിയെ ‘ലോകചാമ്പ്യൻ’ എന്നു വിളിക്കുകയായിരുന്നു. അത് കേട്ട മെസി തിരിഞ്ഞു നോക്കിയപ്പോൾ തന്റെ യൂണിഫോമിന് കീഴിലണിഞ്ഞിരിക്കുന്ന അർജന്റീന ജേഴ്‌സി സലാമാങ്ക ഉയർത്തിക്കാണിച്ചു. അതോടെ അരികിലേക്ക് വന്ന മെസി അദ്ദേഹത്തിന് ഓട്ടോഗ്രാഫ് നൽകുകയായിരുന്നു.

ഇതിനു പിന്നാലെ സുരക്ഷാജീവനക്കാർ സലാമാങ്കയെ അവിടെ നിന്നും കൊണ്ടുപോവുകയായിരുന്നു. അതിനു പിന്നാലെ അദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്‌തു. എന്നാൽ ജോലി പോയതിൽ കുഴപ്പമില്ലെന്നും അതിനേക്കാൾ വിലയേറിയ കാര്യമാണ് തന്റെ ജീവിതത്തിൽ ഉണ്ടായതെന്നുമാണ് സലാമാങ്ക പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്നത്.

Cleaner Fired For Getting Messi Autograph