ലോകകപ്പ് ലക്‌ഷ്യമിട്ടുള്ള അർജന്റീനയുടെ പദ്ധതികൾ തകരുന്നു, മഷറാനോ യൂറോപ്പിലേക്ക് | U20 World Cup

ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയില്ലെങ്കിലും അർജന്റീന ടൂർണമെന്റിന് ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്തോനേഷ്യയിൽ വെച്ച് നടക്കാനിരുന്ന ടൂർണമെന്റ് മാറ്റാൻ ഫിഫ തീരുമാനിച്ചതാണ് അർജന്റീനക്ക് വഴിയൊരുങ്ങിയത്. ടൂർണമെന്റ് അർജന്റീനയിൽ വെച്ച് നടത്താൻ തീരുമാനിച്ചതോടെ ആതിഥേയരെന്ന നിലയിൽ അർജന്റീന അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടിയത്.

ഖത്തർ ലോകകപ്പ് ആവേശകരമായ രീതിയിൽ നേടിയതിനു പിന്നാലെ സ്വന്തം രാജ്യത്ത് നടക്കുന്ന അണ്ടർ 20 ലോകകപ്പ് സ്വന്തമാക്കാൻ വിപുലമായ പദ്ധതികളാണ് അർജന്റീന ഒരുക്കുന്നത്. യൂറോപ്പ് അടക്കമുള്ള വിവിധ ലീഗുകളിൽ കളിക്കുന്ന മികച്ച താരങ്ങളെ തന്നെ ലോകകപ്പിനായി അണിനിരത്താനുദ്ദേശിച്ച് അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് പ്രാഥമിക ടീമിനെ കഴിഞ്ഞ ദിവസം അർജന്റീന പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ അർജന്റീനയുടെ പദ്ധതികൾ തുടക്കത്തിൽ തന്നെ പാളുന്നതാണ് കാണുന്നത്. അണ്ടർ 20 ലോകകപ്പ് ടീമിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം അലസാൻഡ്രോ ഗർനാച്ചോയെ ക്ലബ് വിട്ടുകൊടുക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ യൂറോപ്പിൽ തന്നെ കളിക്കുന്ന രണ്ടു താരങ്ങളെക്കൂടി ക്ലബുകൾ വിട്ടുകൊടുക്കാനുള്ള സാധ്യത നഷ്ട്ടമായെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റയൽ മാഡ്രിഡ് യൂത്ത് ടീം താരമായ നിക്കോ പാസ്, ബ്രൈറ്റണിൽ കളിക്കുന്ന ഫാക്കുണ്ടോ ബുവണനോട്ടെ എന്നീ താരങ്ങളെയാണ് ക്ലബ് വിട്ടുകൊടുക്കാൻ സാധ്യതയില്ലാത്തത്. മധ്യനിരയിൽ കളിക്കുന്ന ഈ രണ്ടു താരങ്ങളും അർജന്റീന അണ്ടർ 20 ടീമിൽ പ്രധാനികളാണ്. അതേസമയം ക്ലബുകളുമായി സംസാരിക്കാൻ അർജന്റീന പരിശീലകൻ ഹാവിയർ മഷറാനോ യൂറോപ്പിലേക്ക് തിരിക്കുന്നുണ്ട്. അതിൽ കാര്യങ്ങൾക്ക് തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

അടുത്തിടെയാണ് സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പ് നടന്നത്. അതിൽ ഈ താരങ്ങളൊന്നും കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആദ്യ റൗണ്ടിൽ തന്നെ അർജന്റീന പുറത്തു പോവുകയും ചെയ്‌തു. ഇപ്പോൾ ലോകകപ്പിലും ഈ താരങ്ങൾ കളിക്കാതിരുന്നാൽ അത് സ്വന്തം രാജ്യത്ത് നടക്കുന്ന ടൂർണമെന്റിൽ ടീമിന് തിരിച്ചടി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Clubs Not Ready To Release 3 Argentina Players For U20 World Cup