മെസി തിരിച്ചെത്തുമെന്ന് ഉറപ്പിക്കാം, ശക്തമായ സൂചന നൽകി സുവാരസ് | Lionel Messi

ലയണൽ മെസിയും ബാഴ്‌സലോണയും ഒട്ടും ആഗ്രഹിച്ച കാര്യമായിരുന്നില്ല രണ്ടു വർഷങ്ങൾക്ക് മുൻപേയുള്ള താരത്തിന്റെ വിടവാങ്ങൽ. മുൻ മാനേജ്‌മെന്റിന്റെ തെറ്റായ പ്രവർത്തനങ്ങൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയതു കാരണമാണ് ബാഴ്‌സലോണക്ക് ലയണൽ മെസിയെ ഒഴിവാക്കേണ്ട സാഹചര്യം സൃഷ്‌ടിച്ചത്. ബാഴ്‌സലോണയുടെയും മെസിയുടെയും ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്.

എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം തന്റെ മുൻ ക്ലബ്ബിലേക്ക് ലയണൽ മെസി തിരിച്ചു വരാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ആരാധകർ തനിക്കെതിരെ തിരിഞ്ഞത് കാരണം ക്ലബ് വിടാൻ മെസി തീരുമാനം എടുത്തിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന ശക്തമായ സൂചന നൽകിയിരിക്കുകയാണ് മെസിയുടെ ഏറ്റവുമടുത്ത സുഹൃത്തും മുൻ ബാഴ്‌സലോണ താരവുമായ ലൂയിസ് സുവാരസ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ രണ്ടു താരങ്ങളും ബാഴ്‌സലോണ ജേഴ്‌സിയിൽ ഒരു ഗോൾ ആഘോഷിക്കുന്നതിന്റെ ചിത്രം ക്ലബ് പോസ്റ്റ് ചെയ്‌തിരുന്നു. ഇത് സ്റ്റോറിയായി പോസ്റ്റ് ചെയ്‌ത താരം ലയണൽ മെസിയെ മെൻഷൻ ചെയ്‌ത്‌ ‘ബാക്ക്” എന്നൊരു സ്റ്റിക്കറും ഇട്ടിരുന്നു.

രണ്ടു തരത്തിലാണ് സുവാരസിന്റെ സ്റ്റോറി വ്യാഖ്യാനിക്കപ്പെടുന്നത്. ഒന്ന് മെസിയുടെ ഒരുമിച്ച് കളിച്ച പഴയ ദിനങ്ങളിലേക്കുള്ള മടക്കമെന്ന നിലയിൽ. മറ്റൊന്ന് ലയണൽ മെസി വീണ്ടും ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചന. ഇതിൽ രണ്ടാമത്തേത് ആയിരിക്കണമെന്നാണ് ബാഴ്‌സലോണ ആരാധകരുടെ ആഗ്രഹം. അതേസമയം ക്ലബ് മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ വിധ നീക്കങ്ങളും ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Suarez Message About Lionel Messi Barcelona Return