
തുടർച്ചയായി പത്ത് ജയം, ഇരുപത്തിയഞ്ചു മത്സരങ്ങളിൽ അപരാജിതർ; അർജന്റൈൻ പരിശീലകന് കീഴിൽ കൊളംബിയ കുതിക്കുന്നു
കോപ്പ അമേരിക്ക തുടങ്ങുമ്പോൾ കിരീടസാധ്യത കൽപ്പിക്കപ്പെട്ട ടീമുകൾ ബ്രസീൽ, അർജന്റീന, യുറുഗ്വായ് എന്നിവരായിരുന്നെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ തങ്ങളുടെ പേരു കൂടി എഴുതിച്ചേർത്തിട്ടുണ്ട് കൊളംബിയ. രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയ അവർ ബ്രസീലിനു മുന്നിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്.
ആദ്യത്തെ മത്സരത്തിൽ പരാഗ്വയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയ കൊളംബിയ ഇന്ന് നടന്ന മത്സരത്തിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായ പത്താമത്തെ മത്സരത്തിലാണ് അവർ വിജയം നേടുന്നത്. അവസാനത്തെ ഇരുപത്തിയഞ്ചു മത്സരങ്ങളിൽ കൊളംബിയൻ ടീം തോൽവിയെന്തെന്ന് അറിഞ്ഞിട്ടുമില്ല.
Colombia are now
games 𝑼𝑵𝑩𝑬𝑨𝑻𝑬𝑵
pic.twitter.com/RQI5XHVySz
— 433 (@433) June 29, 2024
അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോയാണ് കൊളംബിയയുടെ മികച്ച പ്രകടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. കഴിഞ്ഞ വർഷം അദ്ദേഹം പരിശീലകനായതിനു ശേഷം കൊളംബിയ തോൽവിയെന്തെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോൾ ഒരു പ്രധാന ടൂർണമെന്റായ കോപ്പ അമേരിക്കയിൽ നേടിയതടക്കമുള്ള തുടർച്ചയായ വിജയങ്ങൾ അദ്ദേഹത്തിന്റെ പാത കൃത്യമാണെന്ന് വ്യക്തമാക്കുന്നു.
ഫുട്ബോൾ ആരാധകർ മറന്നു തുടങ്ങിയ പേരായ ഹമെസ് റോഡ്രിഗസിനെ തിരിച്ചു കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഖത്തറിൽ കളിക്കുന്ന താരം ഈ ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾക്ക് വഴിയൊരുക്കിയ കളിക്കാരനാണ്. രണ്ടു മത്സരങ്ങളിൽ കൊളംബിയക്കായി മൂന്ന് അസിസ്റ്റുകളാണ് ഹമെസ് റോഡ്രിഗസ് നൽകിയിരിക്കുന്നത്.
2014 ലോകകപ്പിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കൊളംബിയ നടത്തുന്നത്. അടുത്ത മത്സരത്തിൽ ബ്രസീലിനെ നേരിടുമ്പോൾ അവർക്ക് തെളിയിക്കാൻ പലതുമുണ്ട്. ആ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ കിരീടം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ടാകും. അർജന്റൈൻ പരിശീലകന്റെ തന്ത്രങ്ങളും ഹമെസിന്റെ ഫോമുമാണ് അവർക്ക് പ്രതീക്ഷ.