അർജന്റൈൻ പരിശീലകന്റെ കുതിപ്പിന് തടയിടാൻ ബ്രസീലിനുമായില്ല, പരാജയമറിയാതെ കൊളംബിയ മുന്നോട്ട്
അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോ പരിശീലകനായി വന്നതിനു ശേഷം അപാരമായ ഫോമിലാണ് കൊളംബിയ. യൂറോപ്പ് വിട്ടു ഖത്തർ ക്ലബ്ബിലേക്ക് ചേക്കേറിയതിനാൽ ഏവരും മറന്നു തുടങ്ങിയ സൂപ്പർതാരം ഹമെസ് റോഡ്രിഗസിനെ വീണ്ടും ഉയർത്തിയെടുത്ത അദ്ദേഹത്തിന് കീഴിൽ ബ്രസീലിനെയും തളച്ച് ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ കോപ്പ അമേരിക്കയിൽ മുന്നേറുകയാണ്.
ഇന്ന് രാവിലെ നടന്ന മത്സരം ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നായിരുന്നു. രണ്ടു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ കാഴ്‌ച വെച്ച മത്സരത്തിൽ ബ്രസീലിനേക്കാൾ കരുത്ത് കുറഞ്ഞ ടീമായിട്ടും കൊളംബിയ കായികശേഷിയും വേഗതയും കൊണ്ട് അവരെ ഉടനീളം വിറപ്പിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് മത്സരത്തിൽ തോൽവി വഴങ്ങാതെ കാനറിപ്പട രക്ഷപ്പെട്ടത്.
26 GAMES UNBEATEN
Colombia draw Brazil 1-1 to win Group D 🇨🇴 pic.twitter.com/Rqjr2hLMhk
— B/R Football (@brfootball) July 3, 2024
മത്സരത്തിൽ വിജയം നേടാൻ ബ്രസീൽ പരാജയപ്പെട്ടതോടെ കൊളംബിയയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് 2022 ഫെബ്രുവരിയിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടാണ് കൊളംബിയ അവസാനമായി തോറ്റത്. അതിനു ശേഷം തുടങ്ങിയ അപരാജിത കുതിപ്പ് ഇന്നത്തോടെ ഇരുപത്തിയാറു മത്സരങ്ങളായിട്ടുണ്ട്.
ബ്രസീലിനെതിരെ കൊളംബിയ ഇറങ്ങുമ്പോൾ ഈ കുതിപ്പിന് അവസാനമാകുമെന്നാണ് പലരും പ്രതീക്ഷിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ നടത്തിയ പ്രകടനം ആ പ്രതീക്ഷകളെ വർധിപ്പിക്കുകയും ചെയ്‌തു. എന്നാൽ അർജന്റീനക്കാരനായ പരിശീലകന്റെ തന്ത്രങ്ങളെ മറികടക്കാൻ ബ്രസീലിനു കഴിഞ്ഞില്ല എന്നതിന് പുറമെ, മത്സരത്തിൽ കാനറിപ്പട വെള്ളം കുടിക്കുകയും ചെയ്‌തു.
മത്സരത്തിൽ സമനില വഴങ്ങി രണ്ടാം സ്ഥാനത്തേക്ക് വീണതോടെ ബ്രസീലിനു ക്വാർട്ടർ ഫൈനലും സെമിയും ബ്രസീലിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നായി മാറും. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന യുറുഗ്വായ് ആണ് ബ്രസീലിന്റെ എതിരാളികൾ. ആ മത്സരത്തിൽ വിജയം നേടിയാൽ കൊളംബിയ അല്ലെങ്കിൽ പനാമ എന്നിവരെയാണ് സെമിയിൽ നേരിടേണ്ടി വരിക.