ഇനി പോരാട്ടം ബ്രസീലും അർജന്റീനയും തമ്മിൽ, ഒരിക്കൽക്കൂടി ആധിപത്യം നിലനിർത്താൻ കാനറികൾക്ക് കഴിയുമോ | CONMEBOL

ഐതിഹാസികമായി പര്യവസാനിച്ച 2022 ലോകകപ്പിനു ശേഷം അടുത്ത ലോകകപ്പിനു യോഗ്യത നേടാനുള്ള പോരാട്ടങ്ങൾക്ക് തുടക്കമാവുകയാണ്. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ അർജന്റീന ഒരു ദിവസത്തിനു ശേഷം ഇക്വഡോറിനെതിരെയാണ് മത്സരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ദേശീയ ടീമുകളായ ബ്രസീലും അർജന്റീനയും തങ്ങളുടെ ആധിപത്യം പുലർത്താൻ വേണ്ടി പോരാടുമെന്നതിനാൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് കൂടുതൽ ആരാധകരുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

2022 ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു മത്സരം പോലും തോൽക്കാതെയാണ് ബ്രസീലും അർജന്റീനയും യോഗ്യത നേടിയത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടേണ്ടിയിരുന്ന ഒരു മത്സരം ഉപേക്ഷിച്ചെങ്കിലും രണ്ടു ടീമുകളും ആദ്യസ്ഥാനക്കാരായി തന്നെ യോഗ്യത നേടി. ബ്രസീൽ 45 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അർജന്റീന 39 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു. യുറുഗ്വായ്, ഇക്വഡോർ തുടങ്ങിയ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇത്തവണ ബ്രസീലിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു തന്നെയാകും അർജന്റീന ഇറങ്ങുന്നത്. 2019ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം പിന്നീടൊരു മത്സരത്തിൽ പരാജയപ്പെടുന്നത് ലോകകപ്പിൽ സൗദി അറേബ്യയോടാണ്. അത്രയും മികച്ച ഫോമിലാണ് അർജന്റീന കളിച്ചു കൊണ്ടിരിക്കുന്നത്. അതാവർത്തിച്ച് ഇത്തവണ സൗത്ത് അമേരിക്കൻ യോഗ്യതയിൽ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താനാവും അർജന്റീനയുടെ ശ്രമം.

എന്നാൽ അർജന്റീന ലോകകപ്പ് നേടിയതോടെ കൂടുതൽ സമ്മർദ്ദത്തിലായ ബ്രസീൽ തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള ശ്രമം നടത്തുമ്പോൾ മത്സരങ്ങൾ കൂടുതൽ ആവേശകരമായി മാറും. അതിനൊപ്പം കരുത്തരായ യുറുഗ്വായ്, ഇക്വഡോർ തുടങ്ങിയ ടീമുകളും ചേരുമ്പോൾ പോരാട്ടം പൊടി പാറും. അർജന്റീനയെ സംബന്ധിച്ച് ആദ്യത്തെ എതിരാളികൾ കരുത്തരായ ഇക്വഡോറാണ്. എതിരാളികളുടെ മൈതാനത്ത് അർജന്റീന മത്സരത്തിനിറങ്ങുമ്പോൾ ബ്രസീൽ സ്വന്തം മൈതാനത്ത് ബൊളീവിയയെ നേരിടും.

CONMEBOL World Cup Qualifiers To Start Soon