കോപ്പ അമേരിക്ക: ബ്രസീൽ മരണഗ്രൂപ്പിൽ, അർജന്റീനക്ക് രണ്ടു തവണ കിരീടനേട്ടം മുടക്കിയവരുടെ വെല്ലുവിളി | Copa America

2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്ന് പുലർച്ചെ പൂർത്തിയായി. അമേരിക്കയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. പതിനാറു ടീമുകൾ പങ്കെടുക്കുന്ന ജൂൺ ഇരുപത്തിനാണ് ആരംഭിക്കുക. ജൂലൈ പതിനാലിന് ടൂർണമെന്റ് അവസാനിക്കുകയും ചെയ്യും. അർജന്റീനയും ബ്രസീലും ഫൈനലിൽ മാത്രം മുഖാമുഖം വരുന്ന തരത്തിലാണ് ഷെഡ്യൂൾ.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2015ലും 2016ലും കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ അർജന്റീനയെ കീഴടക്കി കിരീടമോഹത്തെ തകർത്തിട്ടുള്ള ചിലിയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ലോകകപ്പ് യോഗ്യത റൗണ്ടിൽ അവസാനസ്ഥാനത്തു നിൽക്കുന്ന പെറുവും ഗ്രൂപ്പിലുണ്ട്. കാനഡയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള പ്ലേ ഓഫ് കഴിഞ്ഞതിനു ശേഷം അതിൽ വിജയിക്കുന്ന ടീം കൂടി ഈ ഗ്രൂപ്പിൽ ചേരും. കാനഡ മികച്ച ടീമാണ്.

ഗ്രൂപ്പ് ബിയിൽ നിന്നും ആരു വേണമെങ്കിലും മുന്നേറാനുള്ള സാധ്യതയുണ്ട്. കോൺകാഫിലെ മികച്ച ടീമുകളിൽ ഒന്നായ മെക്‌സികോക്കൊപ്പം കോൺമെബോളിൽ ശക്തി കാണിച്ചു കൊണ്ടിരിക്കുന്ന ഇക്വഡോറും ചേരുന്നു. ഇതിനു പുറമെ ഗ്രൂപ്പിലെ മറ്റൊരു ടീം ലോകകപ്പ് യോഗ്യതയിൽ ബ്രസീലിനെ വരെ തളച്ച, പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന വെനസ്വലയാണ്. നിരവധി പ്രീമിയർ ലീഗ് താരങ്ങളടങ്ങിയ ജമൈക്കയും ഇവർക്കൊപ്പം ചേരും.

ഗ്രൂപ്പ് സിയിൽ രണ്ടു മികച്ച ടീമുകൾ തമ്മിലുള്ള മത്സരം കാണാനാകും. ആതിഥേയരായ അമേരിക്കയാണ് ഗ്രൂപ്പിലെ ഒരു പ്രധാന ടീം. അവർക്കൊപ്പം ബ്രസീലിനെയും അർജന്റീനയെയും ലോകകപ്പ് യോഗ്യത റൗണ്ടിൽ കീഴടക്കി അടുത്ത കോപ്പ അമേരിക്ക സ്വന്തമാക്കാൻ കരുത്തുള്ള ടീമെന്നു തെളിയിച്ച യുറുഗ്വായ് ചേരുന്നുണ്ട്. ഇവർക്കൊപ്പം കോൺകാഫിൽ നിന്നും പനാമയും കോൺമെബോൾ ലോകകപ്പ് യോഗ്യതയിൽ മോശം പ്രകടനം നടത്തുന്ന ബൊളീവിയയും ചേരും.

ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയാണ് മരണഗ്രൂപ്പായി കരുതപ്പെടുന്നത്. നിലവിൽ മോശം ഫോമിലുള്ള ബ്രസീലിനൊപ്പം ചേരുന്നത് കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ അവരെ കീഴടക്കിയ കൊളംബിയയാണ്. മികച്ച താരങ്ങളുള്ള കൊളംബിയക്ക് പുറമെ പ്രീമിയർ ലീഗിൽ ബ്രൈറ്റൻ, ന്യൂകാസിൽ എന്നിവരയുടെ മികച്ച താരങ്ങൾ കളിക്കുന്ന പരാഗ്വയുമുണ്ട്. ഹോണ്ടുറാസ് അല്ലെങ്കിൽ കോസ്റ്റാറിക്ക ആയിരിക്കും ഗ്രൂപ്പ് ഡിയിലെ മറ്റൊരു ടീം.

അർജന്റീനയുടെ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. ജൂൺ ഇരുപതിന്‌ നടക്കുന്ന മത്സരത്തിൽ അവർ കാനഡയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള പ്ലേ ഓഫിൽ വിജയിച്ചു വരുന്ന ടീമിനെ നേരിടും. അതേസമയം ബ്രസീലിന്റെ മത്സരം ജൂൺ ഇരുപത്തിനാലിനാണ്. അവർ ജമൈക്കയെയാണ് നേരിടുക. കോൺകാഫ് ടീമുകൾ കൂടി ചേരുന്നതിനാൽ ഇത്തവണ മികച്ച പോരാട്ടമാണ് കോപ്പയിൽ നടക്കുക.

Copa America 2024 Group Stage Draw